മനാമ: ബഹ്റൈനിലെ കടലില്‍ കാണാതായ സ്വദേശി പൗരന്റെ മൃതദേഹം ഖത്തറില്‍ നിന്നും കണ്ടെത്തി. നിയമവിരുദ്ധ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ കോസ്റ്റ്ഗാര്‍ഡിന്റെ കപ്പല്‍ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മത്സ്യബന്ധന ബോട്ടില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ കടലില്‍ വീണു. രണ്ടുപേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി. ഒരാളെ കാണാതാവുകയായിരുന്നു.
ഖത്തരി കോസ്റ്റ്ഗാര്‍ഡ്, അതിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് മൃതദേഹം തിരിച്ചറിയാന്‍ മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരു പ്രത്യേക സംഘത്തെ ആഭ്യന്തര മന്ത്രാലയം അയച്ചു. മൃതദേഹം ബഹ്റൈനിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരികയാണ്.
മരിച്ചയാളുടെ കുടുംബത്തിന് മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുകയും ബോട്ടില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവരെ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. ഒരാഴ്ച മുമ്പാണ് അപകടമുണ്ടായത്.









