മനാമ: സ്‌കൂള്‍ വാഹനത്തില്‍ ഉറങ്ങിപ്പോയ നാലുവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ കുറ്റം സമ്മതിച്ച് ഡ്രൈവര്‍. പെര്‍മിറ്റ് ഇല്ലാതെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുകയും തിരികെ കൊണ്ടുവരികയും ചെയ്തതായി 40 വയസ്സുള്ള ബഹ്റൈനി യുവതി സമ്മതിച്ചു.
ഒക്ടോബര്‍ 13നാണ് സംഭവം. ഡെമിസ്താനിലെ കിന്റര്‍ഗാര്‍ട്ടനിലേക്കുള്ള യാത്രക്കിടെ കാറില്‍ ഉറങ്ങിപ്പോയ ഹസന്‍ അല്‍ മഹ്രിയാണ് മരിച്ചത്. കുട്ടിയെ പിന്നീട് അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടികളെ സ്‌കൂളുകളിലേക്ക് കൊണ്ടുപോകാന്‍ ഔദ്യോഗിക ലൈസന്‍സ് ഇല്ലാതെ സ്വകാര്യ വാഹനം ഉപയോഗിച്ചാണ് പ്രതി സര്‍വീസ് നടത്തിയിരുന്നതെന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തി.
മൂന്ന് കുട്ടികളുടെ അമ്മയായ യുവതി ജീവിതമാര്‍ഗം ആയാണ് രണ്ട് ജോലികള്‍ ചെയ്യുന്നതെന്ന് യുവതി പറഞ്ഞു. തന്റെ ഭര്‍ത്താവ് സൗദി അറേബ്യയില്‍ വര്‍ഷങ്ങളായി ജയിലിലാണെന്നും യുവതി ഹൈ ക്രിമിനല്‍ കോടതിയില്‍ പറഞ്ഞു. കുട്ടിയുടെ പിതാവിനോടും സ്ത്രീ ക്ഷമാപണം നടത്തിയിരുന്നു. ഒരു സ്‌കൂളില്‍ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന ജോലി കൂടി യുവതി ചെയ്യുന്നുണ്ട്.









