മനാമ: ബഹ്റൈന്‍ ആദ്യമായി കോഫി ഫെസ്റ്റിവലിന് വേദിയാവുന്നു. ഡിസംബര്‍ 9 മുതല്‍ 13 വരെ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ കോഫി ഫെസ്റ്റിവല്‍ 2025 നടക്കും. ലോകമെമ്പാടുമുള്ള കാപ്പി പ്രേമികളെയും പ്രൊഫഷണലുകളെയും ലക്ഷ്യമിട്ടാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ബിസിസിഐ), ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി (ബിടിഇഎ), എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈന്‍ (ഇഡബ്ല്യുബി) എന്നിവയുമായി സഹകരിച്ച് ഡിഎക്‌സ്ബി ലൈവ് ആണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
പ്രാദേശിക, അന്തര്‍ദേശീയ വിദഗ്ധരെയും ബ്രാന്‍ഡുകളെയും കോഫി ആരാധകരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഈ ഫെസ്റ്റിവല്‍, സര്‍ഗ്ഗാത്മകത, നവീനത, കല എന്നിവ പ്രദര്‍ശിപ്പിക്കുന്ന വേദികൂടിയാകും. മത്സരങ്ങള്‍, തത്സമയ പ്രദര്‍ശനങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍, സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമാകും.
കാപ്പി സംസ്‌കാരത്തിന്റെ പൈതൃകവും പരിണാമവും ആഘോഷിക്കുന്ന ആര്‍ട്ട് കോര്‍ണറും മിനി കോഫി മ്യൂസിയവും സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമായിരിക്കും. സാംസ്‌കാരിക ആകര്‍ഷണത്തിനപ്പുറം, ബിസിനസുകള്‍ക്കും ബ്രാന്‍ഡുകള്‍ക്കും പുതിയ ഉല്‍പ്പന്നങ്ങള്‍, നൂതനാശയങ്ങള്‍ എന്നിവ അവതരിപ്പിക്കാം.









