മനാമ: പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച കേരളീയ നവോത്ഥാനം ചരിത്രവും തുടര്‍ച്ചയും സാമൂഹിക സംഗമം സാമൂഹിക നിരീക്ഷകന്‍ സജി മാര്‍ക്കോസ് ഉദ്ഘാടനം ചെയ്തു. തുല്യതക്കും സ്വാതന്ത്ര്യത്തിനും നിയമപരമായ പരിരക്ഷ ഉള്ളപ്പോള്‍ സാഹോദര്യത്തിന് അതില്ല. അതുകൂടി നേടിയെടുക്കാന്‍ കഴിയുമ്പോഴാണ് നവോത്ഥാനം പൂര്‍ണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘മുന്‍കാലങ്ങളെ അപേക്ഷിച്ച് മത സമൂഹങ്ങള്‍ക്കിടയില്‍ സാഹോദര്യത്തിന് വിടവ് വന്നിരിക്കുന്നത് കൊണ്ടാണ് മറ്റൊരു മതത്തില്‍ പെട്ടയാള്‍ പ്രാര്‍ത്ഥിക്കുന്നത് കാണുമ്പോള്‍ പ്രത്യേക ആഹാരം കഴിക്കുന്നത് കാണുമ്പോള്‍ അല്ലെങ്കില്‍ വേഷത്തില്‍ വ്യത്യസ്തരായവരെ കാണുമ്പോള്‍ നമുക്ക് അസ്വസ്ഥത അനുഭവപ്പെടുന്നത്. നവോത്ഥാനത്തിന്റ പലതരം അടരുകള്‍ ചേര്‍ന്നുണ്ടായതാണ് ഇന്ന് കാണുന്ന കേരളം. അതേസമയം തന്നെ നവോത്ഥാനമെന്നത് ചരിത്രത്തിന്റെ ഏതോ ഒരു ഘട്ടത്തില്‍ നിലച്ചു പോയ ഒരു ചരിത്ര സംഭവമല്ല. നൈരന്തര്യമാവശ്യപ്പെടുന്ന രാഷ്ട്രീയ പ്രക്രിയയാണ്. നവോത്ഥാന പ്രവര്‍ത്തനങ്ങളെ അനുസ്മരിക്കുന്നതിലൂടെ ഈ തുടര്‍ച്ചകളെയാണ് നാം തേടിക്കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വിവേചനങ്ങളെ ചെറുത്ത സാമൂഹിക നീതിയുടെ പോരാട്ടമാണ് കേരളീയ നവോത്ഥാനം. അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ സാമൂഹിക നീതിയുടെ മുന്നേറ്റത്തിലൂടെയാണ് കേരള നവോത്ഥാനം രൂപപ്പെട്ടത്. സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും പാരസ്പര്യത്തിന്റെയും വിളനിലം ആയിരുന്ന കേരള സമൂഹം ഇന്ന് ഭിന്നിപ്പിന്റെയും ധ്രുവീകരണത്തിന്റെയും വംശീയതയുടെയുമായ ഘടകങ്ങളെ സമൂഹത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു. സാഹോദര്യത്തെ ഒരു രാഷ്ട്രീയ ആശയമായി ഉയര്‍ത്തി കൊണ്ടുവരുന്നതിലൂടെ മാത്രമേ നിലനില്‍ക്കുന്ന സാമൂഹിക ഘടന പുനര്‍നിര്‍മിക്കാന്‍ കഴിയൂ എന്നാണ് പ്രവാസി വെല്‍ഫെയര്‍ മനസിലാക്കുന്നത് എന്ന് അധ്യക്ഷ പ്രസംഗം നടത്തിയ പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ പറഞ്ഞു.
മത നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ജാതി വിരുദ്ധതയുടെയും ജാതി നശീകരണത്തിന്റേതുമായ ഒരു ആശയതലം വികസിപ്പിച്ചു എന്നതാണ് കേരളീയ നവോത്ഥാനത്തെ ഇന്ത്യന്‍ നവോത്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് എന്ന് ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ ബിജു മലയില്‍ പറഞ്ഞു. പരിഷ്‌കരണത്തിന് പകരം ഘടനാപരമായ പൊളിച്ചെഴുതലുകളാണ് കേരളീയ നവോത്ഥാനം എന്ന് അദ്ദേഹം പറഞ്ഞു.
അനില്‍ കുമാര്‍ (കേരള സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍) പിടി ജോസഫ് (സീറോ മലബാര്‍ സൊസൈറ്റി) ജമാല്‍ ഇരിങ്ങല്‍ (ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ സെക്രട്ടറി ഇര്‍ഷാദ് കോട്ടയം നിയന്ത്രിച്ച പരിപാടിയില്‍ സബീന ഖാദര്‍ സ്വാഗതവും ഷാഹുല്‍ ഹമീദ് വെന്നിയൂര്‍ നന്ദിയും പറഞ്ഞു.









