മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്യുന്നവരുടെ കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള വരുമാന മാനദണ്ഡം ഉയര്‍ത്താനുള്ള നിര്‍ദേശത്തിന് എംപിമാര്‍ അംഗീകാരം നല്‍കി. തൊഴിലാളികള്‍ക്കോ തൊഴിലുടമകള്‍ക്കോ ഉള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ വരുമാന മാനദണ്ഡം 1,000 ദിനാര്‍ ആയി ഉയര്‍ത്താനുള്ള അടിയന്തര നിര്‍ദേശമാണ് ഇന്നലെ എംപിമാര്‍ ഏകകണ്ഠമായി അംഗീകരിച്ചത്.
കുടുംബാംഗങ്ങളുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം, സ്പോണ്‍സര്‍ഷിപ്പ് എന്നിവയ്ക്കുള്ള വരുമാന മാനദണ്ഡമാണിത്. സ്പോണ്‍സര്‍ ചെയ്യുന്ന ഓരോ വ്യക്തിക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് വേണമെന്ന വ്യവസ്ഥയും നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു.
സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് എംപി ഖാലിദ് ബു ഓങ്കിന്റെ നേതൃത്വത്തില്‍ അഞ്ച് എംപിമാരാണ് നിര്‍ദേശം അവതരിപ്പിച്ചത്. പാര്‍ലമെന്റ് അംഗീകാരത്തെത്തുടര്‍ന്ന് നിര്‍ദേശം മന്ത്രിസഭയുടെ അവലോകനത്തിനായി കൈമാറി.
താഴ്ന്ന വരുമാനമുള്ള പ്രവാസി തൊഴിലാളികളുടെ ആശ്രിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത് പൊതു സേവനങ്ങളില്‍, പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയില്‍ വലിയ സമ്മര്‍ദ്ദം നല്‍കുന്നുണ്ടെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന വിഭവങ്ങളുടെ മേല്‍ അമിതഭാരം ചെലുത്താതെ, ബഹ്‌റൈനിലെ സ്വദേശികളും, പ്രവാസികളും ഒരുപോലെയുള്ള ജീവിത നിലവാരം ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും എംപിമാര്‍ പറഞ്ഞു.









