മനാമ: അറബ് ഇന്റര്‍നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സമ്മേളനത്തിന്റെ മൂന്നാം പതിപ്പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡിന്റെ കമാന്‍ഡറും സുപ്രീം ഡിഫന്‍സ് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലുമായ ഹിസ് ഹൈനസ് ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. ഡെഫ്കോണിന്റെ പങ്കാളിത്തത്തോടെയാണ് സമ്മാനം നടക്കുന്നത്.
ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ അല്‍ ഖലീഫ, ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി ഉപദേഷ്ടാവും സുപ്രീം ഡിഫന്‍സ് കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഷെയ്ഖ് ഖാലിദ് ബിന്‍ അലി അല്‍ ഖലീഫ, നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷെയ്ഖ് സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, നിരവധി മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ലോകമെമ്പാടുമുള്ള വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന വേദിയാണ് സമ്മേളനം എന്ന് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു. അറിവും അനുഭവങ്ങളും കൈമാറുന്നതിനും സൈബര്‍ സുരക്ഷയിലെ ഏറ്റവും പുതിയ അനുഭവങ്ങളും സാങ്കേതികവിദ്യകളും അവലോകനം ചെയ്യുന്നതിനും അതുവഴി പ്രാദേശിക, അന്തര്‍ദേശീയ സഹകരണം ശക്തിപ്പെടുത്തുന്നതിനും ബഹ്‌റൈന്‍ രാജ്യത്തിന്റെ ഡിജിറ്റല്‍ വികസനത്തെ പിന്തുണയ്ക്കുന്നതിനും സമ്മേളനം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.









