മനാമ: ബഹ്‌റൈന്‍ ജേണലിസ്റ്റ് അസോസിയേഷന്റെ പുതിയ ആസ്ഥാനം നിര്‍മിക്കുന്നതിന് ഭൂമി അനുവദിക്കാനും ധനസഹായം നല്‍കാനും രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ നിര്‍ദേശം. ബഹ്‌റൈന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ (ബിജെഎ) ചെയര്‍മാന്‍ ഇസ അല്‍ ഷൈജി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുമായി അല്‍ സഫ്രിയ പാലസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം നിര്‍ദേശിച്ചത്.
രാജ്യത്തിന്റെ സുസ്ഥിര വികസനത്തെയും ദേശീയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനുള്ള പ്രതിബദ്ധതയെയും പിന്തുണയ്ക്കുന്നതില്‍ സജീവ പങ്കാളിയെന്ന നിലയില്‍ ദേശീയ മാധ്യമങ്ങളുടെ പ്രധാന പങ്കിനെ രാജാവ് എടുത്തുപറഞ്ഞു. ബഹ്‌റൈന്‍ പത്രങ്ങള്‍ രാജ്യത്തിനും സമൂഹത്തിനും നല്‍കുന്ന സേവനം പരിഗണിച്ചും മാധ്യമ പ്രവര്‍ത്തകരുടെ സംഭാവനകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമായാണ് രാജാവ് ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്.
ആധുനിക പ്രസ്സ് ആന്‍ഡ് ഇലക്ട്രോണിക് മീഡിയ നിയമം പുറപ്പെടുവിച്ചതില്‍ ബോര്‍ഡിനെയും അസോസിയേഷന്റെ അംഗങ്ങളെയും മാധ്യമ സമൂഹത്തെയും അദ്ദേഹം അഭിനന്ദിച്ചു. ദേശീയ പത്രപ്രവര്‍ത്തനത്തിന്റെയും മാധ്യമങ്ങളുടെയും വികസനത്തെ ഈ നിയമം പിന്തുണയ്ക്കുന്നുവെന്നും ദേശീയ വികസനത്തില്‍ അവരുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നുവെന്നും മാധ്യമ പ്രൊഫഷണലുകളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നുവെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നുവെന്നും രാജാവ് ചൂണ്ടിക്കാട്ടി.









