മനാമ: ഇന്ത്യന്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സീമല്‍ റഹ്‌മാന്റെ ആദ്യ പുസ്തക പ്രകാശനം നാളെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ നടക്കും. ‘പിഒവി: പോയിന്റ്ഓഫ് വ്യൂ ഓഫ് എ ടീനേജര്‍’ എന്ന പുസ്തകം ഒരു കൗമാരക്കാരിയുടെ ചിന്തകള്‍, കാഴ്ചപ്പാടുകള്‍ എന്നിവ അവതരിപ്പിച്ചിരിക്കുന്നു. വെള്ളിയാഴ്ച രാവിലെ 10.30 നും 11നും ഇടയില്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഹാള്‍ 7ലെ റൈറ്റേഴ്സ് ഫോറത്തിലാണ് പുസ്തക പ്രകാശനം.
കോഴിക്കോട് ആസ്ഥാനമായുള്ള ഐബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ ബഹ്റൈന്‍ പ്രകാശനം നവംബര്‍ 14 ന് കെ-സിറ്റി ഹാളില്‍ നടക്കും. മോട്ടിവേഷണല്‍ സ്പീക്കര്‍ പിഎംഎ ഗഫൂര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സീമല്‍ റഹ്‌മാന്‍ ശൈഖ എന്ന തൂലികാനാമത്തില്‍ എഴുതുന്ന സീമല്‍, എല്‍കെജി മുതല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.
മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി മുജീബുര്‍ റഹ്‌മാന്‍ ഒടിവയലില്‍ കുനിയുടെയും നേറ്റല്‍ ന്യൂറോ കോച്ചും ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ഗണിതശാസ്ത്ര അധ്യാപികയുമായ ജിജി മുജീബിന്റെയും മകളാണ്. കൗമാരക്കാരുടെ ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും ശബ്ദം നല്‍കാനുള്ള ആഗ്രഹത്തില്‍ നിന്നാണ് എഴുതാനുള്ള തന്റെ പ്രചോദനം ഉണ്ടായതെന്ന് സീമല്‍ പറഞ്ഞു.
”ഈ പുസ്തകം എന്റെ കാഴ്ചപ്പാടിനെക്കുറിച്ചാണ്. എനിക്ക് തോന്നുന്നത് ഞാന്‍ എഴുതാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എന്നെപ്പോലെയാണെങ്കില്‍ നിങ്ങള്‍ക്കും അങ്ങനെ തോന്നിയേക്കാം,” സീമല്‍ പറഞ്ഞു. സീമല്‍ തന്നെയാണ് കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹന്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ് എന്നിവര്‍ സീമലിന്റെ സാഹിത്യ നേട്ടത്തെ അഭിനന്ദിച്ചു.









