മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതി സഹവര്‍ത്തിത്വത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും മാതൃകയാണെന്ന് ഇന്ത്യന്‍ നിയമ-നീതിന്യായ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍. മനാമയില്‍ നടന്ന കിംഗ് ഹമദ് ഫോറം ഫോര്‍ ജസ്റ്റിസില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
‘മധ്യസ്ഥതയിലൂടെയും തര്‍ക്കങ്ങള്‍ പരിഹരിക്കുമ്പോള്‍ നമ്മുടെ സമ്പദ്വ്യവസ്ഥകള്‍ക്ക് വളരാന്‍ കഴിയും. അതാണ് നമ്മള്‍ മുന്നോട്ട് കൊണ്ടുപോകേണ്ട സന്ദേശം.’, മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള പരസ്പര ബഹുമാനം, നിയമം, അന്തസ്സ്, സമൂഹങ്ങള്‍ എന്നിവയുടെ പ്രാധാന്യവും മന്ത്രി എടുത്തുപറഞ്ഞു.
സിംഗപ്പൂരിന്റെ വാണിജ്യ കോടതി സംവിധാനം പോലുള്ള വിജയകരമായ അന്താരാഷ്ട്ര മാതൃകകള്‍ ബഹ്റൈന്‍ സ്വീകരിച്ചത് മന്ത്രി പ്രശംസിച്ചു. അന്താരാഷ്ട്ര നിയമത്തോടുള്ള സഹകരണവും ബഹുമാനവും ആഗോള വ്യാപാരത്തിനും നിയമ സഹകരണത്തിനും അടിത്തറയിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









