റിയാദ്: സൗദി പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ ഇനി മുതൽ 24 മണിക്കൂറിനുള്ളിൽ വിസ ലഭിക്കുന്ന ഇ-വിസ സംവിധാനം നിലവിൽ വന്നു. ടൂറിസ്റ്റ് വിസ, ബിസിനസ്സ് വിസ, മെഡിക്കൽ വിസ തുടങ്ങിയ വിസകൾക്കാണ് ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യം പ്രാബല്യത്തിൽ വന്നതായി സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചത്. വിസ നടപടികൾ ഇനി എളുപ്പത്തിൽ നടക്കുകയും സൗദികൾക്കു ഇന്ത്യൻ സന്ദർശനം നടത്താനും സാധിക്കും.
ഇന്ത്യൻ എംബസിയുടെ വെബ് സൈറ്റ് വഴി വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ഓൺലൈൻ ആയി വിസ ഫീസും അടച്ചാൽ 24 മണിക്കൂറിനകം വിസ രജിസ്റ്റർ ചെയ്ത ഈമെയിലിൽ ലഭിക്കും. ഇതിന്റെ പ്രിന്‍റുമായി ഇന്ത്യയിലെ വിമാനത്താവളത്തിലെത്തിയാൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിസ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യു നൽകും. ഇന്ത്യയിലെത്തിയതിനു ശേഷമാണു ഇവരുടെ ബിയോമെട്രിക് വിവരങ്ങൾ ശേഖരിക്കുക. ഇതുവരെ സൗദി പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കണമെങ്കിൽ ഇന്ത്യൻ എംബസിയിലോ കോൺസുലേറ്റിലോ നേരിട്ടെത്തി ബിയോമെട്രിക് വിവരങ്ങൾ നൽകണമായിരുന്നു.
ഒമാൻ, ഖത്തർ, യുഎ ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിലേക്ക് വരുന്നതിനു ഇ- വിസ സംവിധാനം നിലവിലുണ്ട്.