മനാമ: ബഹ്റൈന്‍ മുന്‍ വൈദ്യുതി, ജല മന്ത്രി എഞ്ചിനീയര്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ജുമ അന്തരിച്ചു. 78 വയസ്സായിരുന്നു. മനാമയിലെ ഫെരീജ് അല്‍-ഫാദേലില്‍ ജനിച്ച് വളര്‍ന്ന ജുമ, 1966 ല്‍ കോളേജ് പഠനത്തിനായി യുകെയിലേക്ക് പോയി. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം, 1970 ല്‍ വൈദ്യുതി മന്ത്രാലയത്തിലെ വൈദ്യുതി വിതരണ വകുപ്പില്‍ എഞ്ചിനീയറായി തന്റെ കരിയര്‍ ആരംഭിച്ചു.
1970 കളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലേക്കും ദ്വീപുകളിലേക്കും വൈദ്യുതി എത്തിച്ചു. 1995 ല്‍ വൈദ്യുതി, ജല മന്ത്രിയായി നിയമിതനായ ജുമ, സിത്ര, റിഫ, ഹിദ്ദ് എന്നിവിടങ്ങളിലെ വൈദ്യുതി ഉല്‍പ്പാദന നിലയങ്ങള്‍ക്കായുള്ള പ്രധാന വിപുലീകരണ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
1999 ല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതിനു ശേഷം 2002 വരെ ഷൂറ കൗണ്‍സിലില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് അദ്ദേഹം സ്വകാര്യ മേഖലയിലേക്ക് മാറി ഒരു കമ്പനി സ്ഥാപിച്ച് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചു.
2001ല്‍ ഓര്‍ഡര്‍ ഓഫ് ശൈഖ് ഇസ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ ഫസ്റ്റ് ക്ലാസ്, ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കിയ നൈറ്റ് റാങ്കിലുള്ള ഫ്രഞ്ച് ലെജിയന്‍ ഓഫ് ഓണര്‍ എന്നി ബഹുമതികള്‍ അദ്ദേഹത്തിന്റെ ദേശീയ സേവനത്തിനുള്ള അംഗീകാരമായും ലഭിച്ചിട്ടുണ്ട്.









