മനാമ: കേരളത്തില്‍ ആരംഭിച്ച വോട്ടര്‍ പട്ടികയുടെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തില്‍ (എസ്‌ഐആര്‍) പ്രവാസികളെ ബോധവല്‍കരിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ജാഗ്രതാ കാമ്പയിന്‍ ആചരിക്കും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാരികള്‍ ആവിഷ്‌കരിച്ചു.
കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന പ്രവാസികള്‍ ജനാധിപത്യ പ്രകിയയില്‍ നിന്ന് പുറംതള്ളപ്പെട്ട് പോകരുത്. നിലവിലെ നടപടിക്രമമനുസരിച്ച്, വോട്ടര്‍ പട്ടികയില്‍ മുന്‍പ് ഇടം നേടിയവര്‍ക്ക് ഓണ്‍ലൈനായി രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കുമെങ്കിലും, ബൂത്ത് ലെവല്‍ ഓഫീസര്‍ അവരുടെ വീട്ടില്‍ നേരിട്ട് പരിശോധിച്ച് അവിടുത്തെ താമസക്കാരനാണെന്ന് കുടുംബങ്ങള്‍ ഉറപ്പ് വരുത്തുന്നതോടെ മാത്രമേ വോട്ടവകാശം ഉറപ്പിക്കാനാവൂ.
കാമ്പയിനിന്റെ ഭാഗമയി ഇന്‍ഫര്‍മേഷന്‍ ഡ്രൈവ്, ജാഗ്രതാ സംഗമങ്ങള്‍, കാള്‍ ചെയ്ന്‍ സിസ്റ്റം, ഹെല്‍പ്പ് ഡെസ്‌ക് എന്നിവ വിവിധ ഘടകങ്ങളിലായി സംഘടിപ്പിക്കും.









