മനാമ: ശാന്തിസദനം ബഹ്‌റൈന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ‘ആര്‍ദ്രം 25’ എന്ന പേരില്‍ ശിശുദിനത്തില്‍ വിപുലമായ സ്‌നേഹ സംഗമം ഒരുക്കുന്നു. കേരളത്തില്‍ പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ പിഎംഎ ഗഫൂറിന്റെ പ്രഭാഷണമാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. നവംബര്‍ 14 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് സല്‍മാനിയ കെ സിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഭിന്നശേഷി വിദ്യാര്‍ഥികളുടെ ജീവിതാവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന ദൃശ്യ ശ്രാവ്യ ആവിഷ്‌കാരവും അരങ്ങേറും.
കോഴിക്കോട് ജില്ലയിലെ പുറക്കാട് പ്രവര്‍ത്തിക്കുന്ന ശാന്തിസദനം ഭിന്നശേഷി വിദ്യാലയത്തിന്റെ പ്രചരണാര്‍ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2009ല്‍ ആരംഭിച്ച ഈ സ്‌കൂളില്‍ നിര്‍ധന പശ്ചാത്തലത്തില്‍ നിന്നുള്ളവരും വിഭിന്ന ശേഷികളുള്ള ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. പഠനം, തെറാപ്പികള്‍, വാഹനം, പഠന യാത്രകള്‍, വിനോദ പര്യടനങ്ങള്‍, ഭക്ഷണം, തൊഴില്‍ പരിശീലനം എന്നിവയെല്ലാം ഇവിടെ പൂര്‍ണമായും സൗജന്യമാണ്.
പരിപാടിയില്‍ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. പ്രഭാഷണം കേള്‍ക്കാനായി ബഹ്‌റൈനിലെ പ്രവാസികളെയും കുടുംബങ്ങളെയും സ്‌നേഹപൂര്‍വം സ്വാഗതം ചെയുന്നതായി സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ നിസാര്‍ കൊല്ലം, ജനറല്‍ കണ്‍വീനര്‍ ഇവി രാജീവന്‍, വൈസ് ചെയര്‍മാന്‍മാരായ ജമാല്‍ ഇരിങ്ങല്‍, റഫീഖ് അബ്ദുല്ല, മോനി ഒടിക്കണ്ടത്തില്‍, കണ്‍വീനര്‍മാരായ ജേക്കബ് തേക്കുതോട്, സയ്യിദ് ഹനീഫ്, ശാന്തി സദനം ബഹ്‌റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ മജീദ് തണല്‍, പ്രസിഡന്റ് രാധാകൃഷ്ണന്‍ കെ, ജനറല്‍ സെക്രട്ടറി വിഎം ഹംസ, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ അഫ്‌സല്‍ കളപ്പുരയില്‍, ട്രഷറര്‍ ജാബിര്‍ എം എന്നിവര്‍ പങ്കെടുത്തു.









