മനാമ: ബഹ്റൈനില്‍ കൃത്രിമബുദ്ധി (AI) യുടെയും ആധുനിക ഡിജിറ്റല്‍ ഉപകരണങ്ങളുടെയും ദുരുപയോഗം കുറ്റകരമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു കരട് നിയമം ഷൂറ കൗണ്‍സിലിലെ ഒരു കൂട്ടം അംഗങ്ങള്‍ സമര്‍പ്പിച്ചു. വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നതിനോ കുടുംബങ്ങളുടെ സല്‍പ്പേരിന് കളങ്കം വരുത്തുന്നതിനോ ദൃശ്യങ്ങള്‍, ഓഡിയോകള്‍ എന്നിവ വ്യാജമായി സൃഷ്ടിക്കുന്നതാണ് കുറ്റകരമാക്കുന്നത്.
നിര്‍ദ്ദിഷ്ട നിയമപ്രകാരം കുറ്റവാളികള്‍ക്ക് തടവും അല്ലെങ്കില്‍ 3,000 മുതല്‍ 10,000 ദിനാര്‍ വരെ പിഴയും ലഭിക്കും. കൗണ്‍സില്‍ അംഗങ്ങളായ അലി അല്‍ ഷുവാഖി, ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ ജമാല്‍ ഫഖ്റോ, ഡോ. മുഹമ്മദ് അലി ഹസ്സന്‍, ഖാലിദ് അല്‍ മുസല്ലം, ദലാല്‍ അല്‍ സായിദ് എന്നിവര്‍ ഈ നിര്‍ദേശത്തില്‍ ഒപ്പുവച്ചു.
ദൃശ്യ അല്ലെങ്കില്‍ ഓഡിയോ ഉള്ളടക്കം നിര്‍മ്മിക്കുകയോ, അത് പ്രചരിപ്പിക്കുകയോ, പങ്കിടുകയോ, വിതരണം ചെയ്യുകയോ, പ്രസിദ്ധീകരിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും സാങ്കേതിക മാര്‍ഗങ്ങളിലൂടെ അത് ആക്സസ് ചെയ്യുകയോ ചെയ്യുന്നവര്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. ‘ഡീപ്പ്‌ഫേക്ക്’ വീഡിയോകളും ദൃശ്യങ്ങളും നിയമത്തിന്റെ പരിധിയില്‍ പെടും.
എഞ്ചിനീയറിംഗ്, കല, വിദ്യാഭ്യാസം എന്നിവയിലുടനീളം നൂതനാശയങ്ങള്‍ക്ക് എഐ ഗുണപരമായ സംഭാവന നല്‍കുന്നുണ്ടെങ്കിലും തെറ്റായ കാര്യങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് ഷൂറ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. നിയമം അംഗീകരിച്ചുകഴിഞ്ഞാല്‍, ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം നിയമം പ്രാബല്യത്തില്‍ വരും.









