മനാമ: 2027 ല്‍ നടക്കുന്ന അറബ് ഗെയിംസിന് ബഹ്റൈന്‍ ആതിഥേയത്വം വഹിക്കും. ചരിത്രത്തില്‍ ആദ്യമായി മള്‍ട്ടി-സ്പോര്‍ട്സ് പരിപാടിക്ക് ആതിഥേയത്വം വഹിക്കാനുള്ള ബഹുമതി ബഹ്റൈന് ലഭിച്ചതില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സിന്റെ ആദ്യ ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ, രാജാവ് ഹമദിനെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെയും അഭിനന്ദിച്ചു.
സൗദി ഒളിമ്പിക് ആന്‍ഡ് പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റും സൗദി കായിക മന്ത്രിയുമായ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി ബിന്‍ ഫൈസല്‍ അല്‍ സൗദില്‍ നിന്ന് ശൈഖ് ഖാലിദ് അറബ് ഗെയിംസ് 2027 ന്റെ പതാക ഏറ്റുവാങ്ങി. റിയാദില്‍ നടന്ന അറബ് നാഷണല്‍ ഒളിമ്പിക് കമ്മിറ്റികളുടെ യൂണിയന്റെ പൊതുസമ്മേളനത്തില്‍ വെച്ചാണ് പതാക കൈമാറ്റം നടന്നത്.
അറബ് ഗെയിംസിന്റെ 14-ാമത് പതിപ്പാണ് 2027 ല്‍ ബഹ്റൈനില്‍ നടക്കുക. 2023 ല്‍ അള്‍ജീരിയയിലായിരുന്നു അവസാനമായി അറബ് ഗെയിംസ് നടന്നത്.









