പ്രവാസികൾക്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ വേണം: ഐസിഎഫ്

icf bahrain

മനാമ: പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി പുതിയതും അത്യാവശ്യവുമായ ഡിജിറ്റൽ, ക്ഷേമ സേവനങ്ങൾ സംസ്ഥാനത്ത് ആരംഭിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) കേരള മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഗൾഫ് പര്യടനത്തിന്റെ ഭാഗമായി അബൂദാബിയിലെത്തിയ മുഖ്യമന്ത്രി വിവിധ സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഐസിഎഫ് ഈ സുപ്രധാന നിർദേശങ്ങൾ മുന്നോട്ട് വെച്ചത്. പ്രവാസി ക്ഷേമത്തിൽ കേരളം മികച്ച പുരോഗതി നേടിയിട്ടുണ്ടെങ്കിലും, വിവിധ വിഷയങ്ങളിൽ പ്രായോഗികമായ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെന്ന് നിവേദനം ചൂണ്ടിക്കാട്ടി.

ഭൂമി ഇടപാടുകൾക്ക് ‘വിർച്വൽ റെവന്യൂ ഓഫീസ്’ ആരംഭിക്കണമെന്നതാണ് ഐസിഎഫ് മുന്നോട്ട് വെച്ച പ്രധാന നിർദേശങ്ങളിൽ ഒന്ന്. പ്രവാസികൾക്ക് ഭൂമി സംബന്ധമായ എല്ലാ റവന്യൂ സേവനങ്ങളും (ഭൂനികുതി, കൈവശാവകാശ സർട്ടിഫിക്കറ്റ്, ടൈറ്റിൽ വെരിഫിക്കേഷൻ, പോക്കുവരവ്) കേരളത്തിൽ നേരിട്ട് ഹാജരാകാതെ ഓൺലൈനായി പൂർത്തിയാക്കാൻ സംവിധാനം ഒരുക്കണം.

ഇതിനായി പ്രാദേശിക തഹസിൽദാറുമായി വീഡിയോ കോൺസൾട്ടേഷനുള്ള സൗകര്യം, സുരക്ഷിതമായ ഡിജിറ്റൽ ഒപ്പ്, ഇ-നോട്ടറി അംഗീകാരം എന്നിവ ഏർപ്പെടുത്താവുന്നതാണ്. ഈ സംവിധാനം ഇടനിലക്കാരുടെ ഇടപെടലും കാലതാമസവും ഒഴിവാക്കാൻ സഹായിക്കുമെന്ന് ഐസിഎഫ് ചൂണ്ടിക്കാട്ടി. നോർക്കയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ‘പ്രവാസി സ്മാർട്ട് ഐഡി’ പ്രവാസികൾക്ക് നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

പാസ്‌പോർട്ടും ആധാർ നമ്പറുമായി ബന്ധിപ്പിച്ച ഈ ഐഡി വഴി ക്ഷേമ പദ്ധതികൾ, ധനസഹായങ്ങൾ, പരാതി പരിഹാരങ്ങളുടെ ട്രാക്കിങ് എന്നിവ ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കണം. സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്ഐആർ) രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് നിലവിലെ സമയപരിധി പ്രവാസി വോട്ടർമാർക്ക് മതിയാകുന്നില്ലെന്ന ആശങ്കയും ഇക്കാര്യത്തിൽ ഇടപെടണമെന്നും ഐസിഎഫ് ആവശ്യപ്പെട്ടു.

പ്രവാസി കുടുംബങ്ങളെ സഹായിക്കുന്നതിനായി എല്ലാ കളക്ടറേറ്റുകളിലും ജില്ലാ എൻആർഐ ഫാമിലി ഡെസ്കുകൾ സ്ഥാപിക്കണമെന്നും, സർക്കാർ വകുപ്പുകളും പ്രവാസി പ്രതിനിധികളും തമ്മിൽ പതിവായ ഡിജിറ്റൽ മീറ്റിങ്ങുകൾ (വിർച്വൽ പ്രവാസി സഭ) സംഘടിപ്പിക്കണമെന്നും ഐസിഎഫ് ആവശ്യപ്പെട്ടു. ഈ നിർദേശങ്ങൾ കേരളത്തെ ഇന്ത്യയിലെ ഏറ്റവും പ്രവാസി സൗഹൃദ സംസ്ഥാനമായി ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും, പൈലറ്റ് പ്രൊജക്റ്റുകൾ നോർക്കയുടെ ഏകോപനത്തിൽ ഉടൻ ആരംഭിക്കണമെന്നും ഐസിഎഫ് അഭ്യർഥിച്ചു.

നിവേദനത്തിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. വിർച്വൽ റെവന്യൂ ഓഫീസ്, ഇ-പവർ ഓഫ് അറ്റോർണി, പ്രവാസി സ്മാർട്ട് ഐഡി, വിർച്വൽ പ്രവാസി സഭ എന്നിവ നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് വ്യക്തമാക്കി. ഇവയിൽ ചിലത് നടപ്പാക്കി വരുന്നുണ്ടെങ്കിലും കൂടുതൽ വിപുലീകരിച്ച രീതിയിൽ പ്രാവർത്തികമാക്കുന്നത് പരിഗണിക്കുമെന്ന് വ്യക്തമാക്കി.

ഞായാഴ്ച രാവിലെ 11 മണിക്ക് അബൂദബി ദുസിത്ത് താനി ഹോട്ടലിലാണ് മലയാളി സംഘടനാ പ്രതിനിധികൾ, വ്യവസായ പ്രമുഖർ എന്നിവരുമായി മുഖ്യമന്ത്രി സംവദിച്ചത്. മന്ത്രി സജി ചെറിയാൻ, കേരളാ ചീഫ് സെക്രട്ടറി എന്നിവരും സംബന്ധിച്ചു. ഐസിഎഫിനെ പ്രധിനിധീകരിച്ച് ഇന്റർനാഷണൽ സെക്രട്ടറിമാരായ ഹമീദ് ഈശ്വരമംഗലം, ഹമീദ് പരപ്പ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!