മനാമ: 85 വര്‍ഷത്തെ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും സാക്ഷ്യമായി നിലകൊള്ളുന്ന ബഹ്‌റൈനിലെ സേക്രഡ് ഹാര്‍ട്ട് കത്തോലിക്കാ ദേവാലയം തിരുഹൃദയത്തിന്റെ വികാരിയേറ്റ് തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. വടക്കന്‍ അറേബ്യയുടെ അപ്പസ്‌തോലിക് വികാരി ബിഷപ്പ് ആല്‍ഡോ ബെറാര്‍ഡി ഒഎസ്ടി മുഖ്യകാര്‍മ്മികത്വം വഹിച്ച ദിവ്യബലിയിലാണ് ഈ ചരിത്രപരമായ പ്രഖ്യാപനവും സമര്‍പ്പണവും നടന്നത്.
ഈ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ആദ്യത്തെ റെക്ടര്‍ ആയി തിരുഹൃദയ ദേവാലയം ഇടവക വികാരി ബഹു. ഫ്രാന്‍സിസ് ജോസഫ് പടവുപുരക്കല്‍ ഒഎഫ്എം കാപിനെ നിയമിക്കുകയും ചെയ്തു. ബഹ്‌റൈന്‍, കുവൈറ്റ്, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ അറേബ്യന്‍ വികാരിയേറ്റിന്റെ ആത്മീയ തീര്‍ത്ഥാടന കേന്ദ്രമായി ഇനി ഈ പള്ളി മാറും. ഈ മേഖലയില്‍ കത്തോലിക്കാ സഭയുടെ സാന്നിധ്യത്തെയും ദൗത്യത്തെയും കൂടുതല്‍ ശക്തിപ്പെടുത്തുന്ന ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ പ്രഖ്യാപനം.









