മനാമ: ബഹ്റൈനില്‍ കൃത്രിമബുദ്ധി (AI) യുടെയും ആധുനിക ഡിജിറ്റല്‍ ഉപകരണങ്ങളുടെയും ദുരുപയോഗം കുറ്റകരമാക്കാന്‍ ലക്ഷ്യമിട്ടുള്ള കരട് നിയമം ഷൂറ കൗൺസിൽ തത്വത്തിൽ അംഗീകരിച്ചു. വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്നതിനോ കുടുംബങ്ങളുടെ സല്‍പ്പേരിന് കളങ്കം വരുത്തുന്നതിനോ ദൃശ്യങ്ങള്‍, ഓഡിയോകള്‍ എന്നിവ വ്യാജമായി സൃഷ്ടിക്കുന്നതാണ് കുറ്റകരമാക്കുന്നത്.
വിവരസാങ്കേതികവിദ്യ കുറ്റകൃത്യ നിയമത്തിലെ (2014 ലെ നിയമം) നമ്പർ 60 തിലാണ് ഭേദഗതി വരുത്തുന്നത്. നിര്‍ദ്ദിഷ്ട ഭേദഗതിപ്രകാരം കുറ്റവാളികള്‍ക്ക് തടവും അല്ലെങ്കില്‍ 3,000 മുതല്‍ 10,000 ദിനാര്‍ വരെ പിഴയും ലഭിക്കും. കൂടാതെ തടവും പിഴയും ശിക്ഷയായി ലഭിക്കും.
ദൃശ്യം അല്ലെങ്കില്‍ ഓഡിയോ ഉള്ളടക്കം നിര്‍മ്മിക്കുകയോ, അത് പ്രചരിപ്പിക്കുകയോ, പങ്കിടുകയോ, വിതരണം ചെയ്യുകയോ, പ്രസിദ്ധീകരിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും സാങ്കേതിക മാര്‍ഗങ്ങളിലൂടെ അത് ആക്സസ് ചെയ്യുകയോ ചെയ്യുന്നവര്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. ‘ഡീപ്പ്‌ഫേക്ക്’ വീഡിയോകളും ദൃശ്യങ്ങളും നിയമത്തിന്റെ പരിധിയില്‍ പെടും.
മനുഷ്യാവകാശ സമിതി വൈസ് ചെയർമാൻ അലി അൽ ഷെഹാബിയുടെ നേതൃത്വത്തിൽ അഞ്ച് ഷൂറ കൗൺസിൽ അംഗങ്ങൾ അവതരിപ്പിച്ച നിർദേശം നിലവിലുള്ള നിയമത്തിൽ ഒരു പുതിയ ആർട്ടിക്കിൾ (10) ചേർക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. നിയമം അംഗീകരിച്ചുകഴിഞ്ഞാല്‍, ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം നിയമം പ്രാബല്യത്തില്‍ വരും.









