മനാമ: ലോകത്തെ മുഴുവന്‍ വിപ്ലവങ്ങളും സാധ്യമായത് തൂലികയിലൂടെയാണെന്നും വര്‍ത്തമാന കാലത്തെ അരുതായ്മകള്‍ക്കെതിരെ അക്ഷരങ്ങള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കണമെന്നും ഐസിഎഫ് വായനാദിന സംഗമം അഭിപ്രായപ്പെട്ടു. ‘അക്ഷരമാണ് പ്രതിരോധം’ എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന പ്രവാസി വായന പ്രചരണ കാമ്പയിനിന്റെ ഭാഗമായാണ് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ബഹ്‌റൈനിലെ വിവിധ യുണിറ്റുകളില്‍ വായന ദിനാചരണം സംഘടിപ്പിച്ചത്.
പ്രസിദ്ധീകരണ രംഗത്ത് വിജയകരമായി പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസി വായന വിദേശത്ത് നിന്നും അച്ചടിക്കുന്ന ഏക പ്രവാസി മാസികയാണ്. ആനുകാലികം, സാമൂഹികം, സംസ്‌കാരികം ആത്മീയം തുടങ്ങി പ്രവാസ ജീവിതവുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളും ഉള്‍കൊള്ളുന്ന ഉള്ളടക്കങ്ങളോടെയാണ് മാസിക പുറത്തിറങ്ങുന്നത്. പൊതു സമൂഹത്തെ വായനയുടെ ഭാഗമാക്കി അക്ഷര വിപ്ലത്തില്‍ എല്ലാവരും പങ്കാളികളാവണമെന്ന് വായനാ ദിന സംഗമത്തില്‍ പങ്കെടുത്തവര്‍ ആഹ്വാനം ചെയ്തു.
മുഹറഖ് റീജിയനിലെ ഖലാലി യൂണിറ്റില്‍ നടന്ന സംഗമത്തിന് സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം സയ്യിദ് എളങ്കൂര്‍ മുത്തുകോയ തങ്ങള്‍, ഐസിഎഫ് നാഷണല്‍ ഡപ്യൂട്ടി പ്രസിഡന്റ് അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.









