മനാമ: സംഘപരിവാറിന്റെ പൗരത്വ നിഷേധ പദ്ധതി വളഞ്ഞ വഴിയില്‍ നടപ്പാക്കാനുള്ള നീക്കമാണ് എസ്‌ഐആറിലൂടെ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ നടത്തുന്നത് എന്ന് പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ പറഞ്ഞു. ‘എസ്‌ഐആര്‍ പ്രവാസികള്‍ എന്തു ചെയ്യണം’ എന്ന പേരില്‍ പ്രവാസി സെന്ററില്‍ സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ട് ചോരിയിലൂടെയും മണ്ഡല പുനക്രമീകരണം എന്ന ഓമനപ്പേരിട്ടും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിച്ച് അധികാരം പിടിക്കുന്ന പ്രക്രിയയുടെ തുടര്‍ച്ചയാണ് എസ്‌ഐആര്‍. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ എസ്‌ഐആര്‍ നീട്ടിവെക്കണമെന്ന് ഭരണ പ്രതിപക്ഷ പാര്‍ട്ടികളും കേരള ഇലക്ഷന്‍ കമ്മീഷനും ആവശ്യപ്പെട്ടിട്ടും കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ അത് അംഗീകരിക്കാത്തത് ഗൂഢ ഉദ്ദേശത്തോടെയാണ്.
രാജ്യവ്യാപക എസ്‌ഐആറിലൂടെ യഥാര്‍ഥത്തില്‍ നടപ്പാക്കപ്പെടുക പൗരത്വനിഷേധവും പുറന്തള്ളപ്പെടുന്നത് പിന്നാക്ക ജനവിഭാഗങ്ങള്‍ മാത്രവുമായിരിക്കും. എസ്‌ഐആര്‍ നീട്ടിവെക്കാന്‍ മാഹാരാഷ്ട്രക്ക് കിട്ടുന്ന ഇളവ് കേരളത്തിന് കിട്ടാത്തതതിന്റെ കാരണം ദുരൂഹമാണ്. ആസാമില്‍ എസ്‌ഐആറിന് ശേഷം ഉണ്ടായ പൗരത്വ നിഷേധവും ബീഹാറില്‍ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ ലിസ്റ്റില്‍ നിന്നും പുറത്തായതും സംഘ്പരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണ്. രാജ്യത്തെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും ശക്തമായ ജനകീയ പ്രതിരോധത്തിലൂടെ ഇതിനെ ചെറുക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം സജീദ് ഖാലിദ് സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ആഷിക് എരുമേലി സ്വാഗതവും അനസ് കാഞ്ഞിരപ്പള്ളി നന്ദിയും പറഞ്ഞു. സദസ്സില്‍ നിന്നും വന്ന എസ്‌ഐആര്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് സജീദ് ഖാലിദ് മറുപടി നല്‍കി.









