മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ബഹ്‌റൈന്‍ നാഷണല്‍ മദ്‌റസ കലോത്സവത്തിന് ഉജ്വല തുടക്കം. സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമിന്റെ നേതൃത്വത്തില്‍ ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിലായി ഇസ്ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 14 മദ്‌റസകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം കലാപ്രതിഭകള്‍ ആദ്യഘട്ട മത്സരങ്ങളില്‍ പങ്കെടുത്തു.
വിവിധ മദ്‌റസകളില്‍ നടന്ന മദ്‌റസ ഫെസ്റ്റില്‍ ഒന്നാം സ്ഥാനം നേടി വിജയികളായ വിദ്യാര്‍ത്ഥികളാണ് നാഷണല്‍ കലോത്സവത്തിലെ മത്സരാര്‍ത്ഥികള്‍. റിഫ സുന്നി സെന്ററില്‍ എസ്‌ജെഎം പ്രസിഡന്റ് മമ്മൂട്ടി മുസ്ല്യാരുടെ അദ്ധ്യക്ഷതയില്‍ ഐസിഎഫ് ഇന്റര്‍നാഷണല്‍ ഡപ്യൂട്ടി പ്രസിഡന്റ് അഡ്വ. എംസി അബ്ദുല്‍ കരീം ഹാജി കലോത്സവം ഉദ്ഘാടനം ചെയ്തു.
കിഡ്‌സ്. സബ് ജൂനിയര്‍, ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി ഖിറാഅത്ത്, കളറിംഗ്, മെമ്മറി ടെസ്റ്റ്, പദനിര്‍മാണം, മിഠായി പെറുക്കല്‍, വായന, കയ്യെഴുത്ത്, കാലിഗ്രഫി, ജലഛായം, ക്വിസ്സ് തുടങ്ങിയ മത്സരങ്ങള്‍ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായി. കലോത്സവത്തിന്റെ രണ്ടാം ഘട്ട മത്സരങ്ങള്‍ നവംബര്‍ 21 ന് ഹമദ് ടൗണ്‍ കാനൂ ഹാളില്‍ നടക്കും.
ഉദ്ഘാടന സംഗമത്തില്‍ ഐസിഎഫ് നാഷണല്‍ ഭാരവാഹികളായ അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, റഫീക്ക് ലത്വീഫി വരവൂര്‍, സയ്യിദ് അസ്ഹര്‍ അല്‍ ബുഖാരി, ശംസുദ്ദീന്‍ സുഹ്രി, ശിഹാബുദ്ധീന്‍ സിദീഖി, അബ്ദു റഹീം സഖാഫി, നസീഫ് അല്‍ ഹമ്പനി, മന്‍സൂര്‍ അഹ്‌സനി എന്നിവര്‍ സംബന്ധിച്ചു. നൗഷാദ് മുട്ടുന്തല, അബ്ദുള്ള രണ്ടത്താണി, വിപികെ മുഹമ്മദ്, ഹംസ പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.









