മനാമ: കേരളത്തില്‍ ആരംഭിച്ച വോട്ടര്‍ പട്ടികയുടെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ (എസ്‌ഐആര്‍) കുറിച്ച് പ്രവാസികളെ ബോധവല്‍കരിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ബഹ്‌റൈന്‍ നടത്തിവരുന്ന ജാഗ്രതാ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബോധവല്‍കരണ സംഗമം നാളെ ഓണ്‍ലൈനില്‍ നടക്കും.
‘പ്രവാസികള്‍ നാടിന്റെ നട്ടെല്ല്: അവര്‍ക്കുമുണ്ട് പാരാവകാശങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ ഇന്ന് ഞായര്‍ രാത്രി 7.30 നടക്കുന്ന ഇന്‍ഫര്‍മേഷന്‍ ഡ്രൈവിന് വടകര ചോറോട് വില്ലേജ് ഓഫീസര്‍ അബ്ദു റഹീം നേതൃത്വം നല്‍കും.
കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന പ്രവാസികള്‍ ജനാധിപത്യ പ്രകിയയില്‍ നിന്ന് പുറംതള്ളപ്പെട്ട് പോകാതിരിക്കാന്‍ നിലവിലെ നടപടിക്രമമനുസരിച്ച്, ജാഗ്രതയോടെയുള്ള ഇടപെടലുകള്‍ ആവശ്യമായതിനാല്‍ പ്രവാസികള്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശം ലഭിക്കുന്ന സംഗമത്തില്‍ സംശയ നിവാരണത്തിന് കൂടി അവസരമുണ്ടായിരിക്കുമെന്നും ഐസിഎഫ് ബഹ്‌റൈന്‍ നാഷണല്‍ ഭാരവാഹികള്‍ അറിയിച്ചു.
ജാഗ്രതാ കാമ്പയിനിന്റെ ഭാഗമായി കാള്‍ ചെയ്ന്‍ സിസ്റ്റം, ഹെല്‍പ്പ് ഡെസ്‌ക് എന്നിവയും ഐസിഎഫ് നേതൃത്വത്തില്‍ വിവിധ ഘടകങ്ങളിലായി നടന്നു വരുന്നുണ്ട്.









