മനാമ: ഡിസംബര്‍ 1 മുതല്‍ 30 വരെ മുഹറഖിലെ പേളിംഗ് പാത്തില്‍ നടക്കുന്ന നാലാമത് മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലിനുള്ള അന്തിമ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസ് (ബിഎസിഎ) അറിയിച്ചു. മുഹറഖ് അതിന്റെ പൈതൃകം പ്രദര്‍ശിപ്പിക്കാനും ദീര്‍ഘകാല കഥകള്‍ വിവരിക്കാനും തയ്യാറെടുക്കുകയാണെന്ന് അതോറിറ്റി അറിയിച്ചു.
രാജ്യത്തുടനീളവും വിദേശത്തുനിന്നുമുള്ള സന്ദര്‍ശകരെ ഫെസ്റ്റിവല്‍ സ്വാഗതം ചെയ്യുമെന്ന് ബിഎസിഎ അറിയിച്ചു. മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലില്‍ എല്ലാ ദിവസവും വ്യത്യസ്ത പരിപാടികള്‍ നടക്കും. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പേളിംഗ് പാത്തിലെ ചരിത്ര സംഭവങ്ങള്‍ സന്ദര്‍ശകര്‍ക്ക് പര്യവേഷണം ചെയ്യാന്‍ അവസരമുണ്ടാകും.
കല, ഡിസൈന്‍, കരകൗശല വസ്തുക്കള്‍, കുട്ടികളുടെ പരിപാടികള്‍, ഭക്ഷണാനുഭവങ്ങള്‍, സംഗീതം, ഗൈഡഡ് ടൂറുകള്‍ എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് മുഹറഖ് നൈറ്റ്സ് ഫെസ്റ്റിവലില്‍ ഉണ്ടായിരിക്കുക. കൂടുതല്‍ അപ്ഡേറ്റുകളും ദൈനംദിന ഷെഡ്യൂളും പേളിംഗ് പാത്ത് വെബ്സൈറ്റിലും ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും ലഭ്യമാകുമെന്ന് ബിഎസിഎ കൂട്ടിച്ചേര്‍ക്കുന്നു.
ഞായര്‍ മുതല്‍ ബുധന്‍ വരെ വൈകുന്നേരം 5 മുതല്‍ രാത്രി 10 വരെയും, വ്യാഴാഴ്ച മുതല്‍ ശനി വരെ വൈകുന്നേരം 5 മുതല്‍ അര്‍ദ്ധരാത്രി 12 വരെയുമാണ് ഫെസ്റ്റിവല്‍ നടക്കുക.









