മനാമ: തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ബഹ്റൈനില്‍ താപനിലയില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുമെന്ന് ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ ഇറാഖിലും തെക്കന്‍ തുര്‍ക്കിയിലും അനുഭവപ്പെടുന്ന ന്യൂനമര്‍ദ്ദംമൂലം വടക്ക് മുതല്‍ വടക്ക്-പടിഞ്ഞാറ് ദിശയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ഇത് ബഹ്‌റൈനില്‍ ശീതതരംഗത്തിന് കാരണമാകും.
രാത്രിയിലും പുലര്‍ച്ചെയും തണുപ്പ് വര്‍ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് രാത്രി കാറ്റ് ശക്തിപ്പെടുകയും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വീശുകയും ചെയ്യും. താപനില 17 ഡിഗ്രിവരെ എത്തും. കാറ്റിന്റെ തണുപ്പിനനുസരിച്ച് താപനില ഇതിലും കുറയാനും സാധ്യതയുണ്ട്. ഈ ആഴ്ച മുഴുവന്‍ തണുപ്പ് തുടരും.
കാറ്റ് മിതമായതോ വേഗതയിലോ തുടരുകയാണെങ്കില്‍ കടലില്‍ തിരമാലകള്‍ മൂന്ന് അടി വരെ ഉയരാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പുകള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.









