മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ബഹ്‌റൈന്‍ നാഷണല്‍ മദ്‌റസ കലോത്സവ് നവംബര്‍ 21 വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ഘട്ട മത്സരങ്ങളോടെ സമാപിക്കും. സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമിന്റെ നേതൃത്വത്തില്‍ ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിലായി ഇസ്ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 14 മദ്‌റസകളില്‍ നിന്നും തിരെഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം കലാപ്രതിഭകള്‍ രണ്ടാം ഘട്ട മത്സരത്തില്‍ മാറ്റുരയ്ക്കും.
ഹമദ് ടൗണ്‍ കാനൂ ഹാളില്‍ വെളളിയാഴ്ച കാലത്ത് 8 മണിക്ക് ആരംഭിക്കുന്ന മത്സര പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു. ബഹ്‌റൈനിലെ പതിനാല് കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ പഠിക്കുന്ന ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മദ്‌റസ ഫെസ്റ്റില്‍ ഒന്നാം സ്ഥാനം നേടി വിജയികളായ വിദ്യാര്‍ത്ഥികളാണ് നാഷണല്‍ കലോത്സവത്തിലെ മത്സരാര്‍ത്ഥികള്‍.
കിഡ്‌സ്. സബ് ജൂനിയര്‍, ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി ഖിറാഅത്ത്, കഥ പറയല്‍, മലയാള ഗാനം, അറബി ഗാനം, സംഘഗാനം, പ്രസംഗം (മലയാളം), പ്രസംഗം (ഇംഗ്ലീഷ്), ബുര്‍ദ പാരായണം എന്നീ മത്സരങ്ങള്‍ സമാപന വേദിയില്‍ നടക്കും. മത്സരങ്ങള്‍ വീക്ഷിക്കുന്നതിന് രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
മത്സരങ്ങള്‍ക്ക് ശേഷം രാത്രി ഒമ്പതിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ചടങ്ങില്‍ ഐസിഎഫ് ഇന്റര്‍നാഷണല്‍ നേതാക്കളും മറ്റ് പ്രമുഖരും സംബന്ധിക്കും. പരിപാടികള്‍ക്ക് സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഹകീം സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രോഗ്രാം കമ്മിറ്റി യോഗം അന്തിമ രൂപം നല്‍കി.
മമ്മൂട്ടി മുസ്ല്യാര്‍ വയനാട്, അഡ്വ. എംസി അബ്ദുല്‍ കരീം, റഫീക്ക് ലത്വീഫി വരവൂര്‍, ശംസുദ്ദീന്‍ സുഹ്രി, ശിഹാബുദ്ധീന്‍ സിദീഖി, അബ്ദു റഹീം സഖാഫി വരവൂര്‍, നസീഫ് അല്‍ ഹമ്പനി, മന്‍സൂര്‍ അഹ്‌സനി, വിപികെ മുഹമ്മദ്, നൗഷാദ് മുട്ടുന്തല, ഫൈസല്‍ ചെറുവണ്ണൂര്‍, അബ്ദുള്ള രണ്ടത്താണി എന്നിവര്‍ സംബന്ധിച്ചു.









