മനാമ: മനാമ ഗവര്‍ണറേറ്റിലെ പ്രധാന ടൂറിസ്റ്റ് മേഖലകളിലെ ഹെല്‍ത്ത് ക്ലബ്ബുകള്‍, സ്പാകള്‍, സമാനമായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന എംപിമാരുടെ നിര്‍ദേശത്തിന് പാര്‍ലമെന്റ് ഐകകണ്‌ഠ്യേന അംഗീകാരം നല്‍കി. ഹൂറ, ഗുദൈബിയ, സീഫ്, ഡിപ്ലോമാറ്റിക് ഏരിയ, ബഹ്റൈന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍ എന്നിവ ഉള്‍പ്പെടുന്ന മണ്ഡലം ഒന്നിലെ ജിം, സ്പാ ലൈസന്‍സുകള്‍ പൂര്‍ണമായി പുനസ്ഥാപിക്കാനാണ് നിര്‍ദേശം.
ജനവാസ മേഖലകളിലെ അനിയന്ത്രിത സലൂണുകളുടെയും ജിമ്മുകളുടെയും പ്രവര്‍ത്തനം പ്രാദേശിക തിരക്ക്, ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം സമര്‍പ്പിച്ചത്. പബ്ലിക് യൂട്ടിലിറ്റീസ് ആന്‍ഡ് എന്‍വയോണ്‍മെന്റ് അഫയേഴ്സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ മുഹമ്മദ് ജനാഹി, സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലം എന്നിവര്‍ ഉള്‍പ്പെടുന്ന അഞ്ച് എംപിമാരാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
നിര്‍ദേശം മന്ത്രിസഭയുടെ അവലോകനത്തിനായി കൈമാറി. ”വളരെ ചെറിയ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സലൂണുകളുടെ എണ്ണം വളരെ കൂടുതലാണ്. ഇത് ഗുരുതരമായ ഗതാഗതക്കുരുക്കും പാര്‍ക്കിംഗ് പ്രശ്നങ്ങളും താമസക്കാര്‍ക്ക് ബുദ്ധിമുട്ടും സൃഷ്ടിച്ചിട്ടുണ്ട്,” ജനാഹി പാര്‍ലമെന്റില്‍ പറഞ്ഞു.
‘ചെറിയ കടകള്‍ക്ക് ഹെല്‍ത്ത് ക്ലബ് പോലുള്ള സേവനങ്ങള്‍ നല്‍കുന്നത് ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന്റെ ടൂറിസം പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുന്നു. ഞങ്ങള്‍ക്ക് ഗുണനിലവാരം, ശരിയായ നിയന്ത്രണം എന്നിവ ആവശ്യമാണ്.”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









