മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സുമായി സഹകരിച്ച് നാലാമത് രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. സല്‍മാനിയ ഹോസ്പിറ്റലിന്റെ ബ്ലഡ് ബാങ്കില്‍ വെച്ച് നടന്ന ക്യാമ്പ്, രാവിലെ 7 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് സമാപിച്ചു.
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം സാമൂഹിക പ്രവര്‍ത്തകനായ കെടി സലിം നിര്‍വഹിച്ചു. യോഗത്തില്‍ വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിന്‍ സലിം അധ്യക്ഷത വഹിച്ചു. സംഘടനയുടെ ജനറല്‍ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ചു. വോയ്സ് ഓഫ് ആലപ്പിയുടെ രക്ഷാധികാരികൂടിയായ സാമൂഹിക പ്രവര്‍ത്തകന്‍ അലക്‌സ് ബേബി മുഖ്യാതിഥിയായി പങ്കെടുത്തു.
കൃത്യമായ മുന്നൊരുക്കങ്ങളോടെ സംഘടിപ്പിച്ച ക്യാമ്പിലേക്ക് ബഹ്റൈനിലെ വിവിധ മേഖലകളില്‍ നിന്നുള്ള രക്തദാതാക്കള്‍ രാവിലെ മുതല്‍ തന്നെ എത്തിച്ചേര്‍ന്നു. ക്യാമ്പിന്റെ കോര്‍ഡിനേറ്റര്‍ കൂടിയായ ചാരിറ്റി വിങ് കണ്‍വീനര്‍ അജിത് കുമാര്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു.
വോയ്സ് ഓഫ് ആലപ്പിയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളും വിവിധ ഏരിയ ഭാരവാഹികളും ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി സജീവമായി പ്രവര്‍ത്തിച്ചു. ഈ രക്തദാന ക്യാമ്പിലൂടെ ബഹ്റൈനിലെ ആരോഗ്യമേഖലയ്ക്ക് ഒരു കൈത്താങ്ങാവാനും, അടിയന്തര ഘട്ടങ്ങളില്‍ രക്തം ആവശ്യമുള്ള നിരവധി രോഗികള്‍ക്ക് ആശ്വാസം നല്‍കാനും വോയ്സ് ഓഫ് ആലപ്പിക്ക് കഴിഞ്ഞു.









