മനാമ: കരാര്‍ കാലയളവില്‍ മതിയായ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട പ്രവാസി തൊഴിലാളിക്ക് 1,500 ബഹ്റൈന്‍ ദിനാറിലധികം നഷ്ടപരിഹാരം നല്‍കാന്‍ ലേബര്‍ കോടതി ഉത്തരവിട്ടു. ജോലി ചെയ്തിരുന്ന കമ്പനിയാണ് ഈ തുക നല്‍കേണ്ടത്.
കോടതി വിധി പ്രകാരം തൊഴിലാളിക്ക് നല്‍കാത്ത ശമ്പള ഇനത്തില്‍ 333 ദിനാര്‍ നല്‍കണം. കൂടാതെ ആദ്യത്തെ ആറ് മാസത്തേക്ക് വൈകിയ ഈ തുകയ്ക്ക് പ്രതിവര്‍ഷം 6 ശതമാനം പലിശ, തുടര്‍ന്ന് അധികമായി വരുന്ന ഓരോ മാസത്തിനും ഒരു ശതമാനം വീതം അധികം പലിശയായി നല്‍കണം.
നോട്ടീസ് കാലയളവിനുള്ള തുകയായ 100 ദിനാറും വാര്‍ഷിക ലീവ് ആനുകൂല്യമായി 267 ദിനാറും, ഇതിന് അവകാശം ലഭിച്ച തീയതി മുതല്‍ 1 ശതമാനം പലിശയും നല്‍കണം. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് 800 ദിനാര്‍, മടക്ക വിമാന ടിക്കറ്റിന്റെ ചെലവ് എന്നിവ കൂടി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ കോടതി ഫീസും അഭിഭാഷകരുടെ ചെലവുകളും കമ്പനി വഹിക്കണം.
കേസ് രേഖകള്‍ അനുസരിച്ച്, തൊഴിലാളി പ്രതിമാസം 100 ദിനാര്‍ ശമ്പളത്തില്‍ ഒരു വര്‍ഷത്തെ കരാറിലാണ് ജോലിയില്‍ പ്രവേശിച്ചത്. സാധാരണ സമയപരിധിക്ക് പുറമെ, അവധി ദിവസങ്ങളിലും വിശ്രമ ദിനങ്ങളിലും താന്‍ ജോലി ചെയ്തിരുന്നുവെന്നും എന്നാല്‍ ശമ്പളമോ വിശദീകരണമോ കൂടാതെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
അഭിഭാഷക സാഹിദ അല്‍ സയ്യിദ് വഴി, മൂന്ന് മാസത്തെ ശമ്പള കുടിശ്ശിക, ഓവര്‍ടൈം വേതനം, ലീവ് ആനുകൂല്യങ്ങള്‍, അന്യായമായി പിരിച്ചുവിട്ടതിനുള്ള നഷ്ടപരിഹാരം, വൈകിയ തുകകള്‍ക്കുള്ള പലിശ, സര്‍വീസ് സര്‍ട്ടിഫിക്കറ്റ്, നാട്ടിലേക്കുള്ള ടിക്കറ്റ് എന്നിവ തൊഴിലാളി ആവശ്യപ്പെട്ടിരുന്നു.









