മനാമ: കാന്‍സര്‍ ചികിത്സയുടെ ഭാഗമായി മുടി കൊഴിയുന്ന രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കുന്നതിനുള്ള മഹത്തായ ക്യാമ്പയിനില്‍ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ (എപിഎബി) പങ്കാളികളായി. ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് മുടി ദാനം ചെയ്യുന്ന ഈ ഉദ്യമത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ പങ്കുചേര്‍ന്നു.
ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ആണ് സഹായങ്ങള്‍ നല്‍കിയത്. അസോസിയേഷന്‍ അംഗങ്ങളായ ആതിര പ്രശാന്ത്, അഥര്‍വ രഞ്ജിത്ത്, ആവ്‌നീ രഞ്ജിത്ത് എന്നിവര്‍ മുടി ദാനം ചെയ്തു. ഇവരെ കൂടാതെ നോവ ലേഡീസ് സലൂണ്‍, മിലുപ ബ്യൂട്ടി സലൂണ്‍ എന്നീ സ്ഥാപനങ്ങളും മുടി നല്‍കി.
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച എപിഎബി സാന്ത്വനം പദ്ധതിയുടെ ഭാഗമായി ജനറല്‍ സെക്രട്ടറി അനൂപ് പള്ളിപ്പാട്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആതിര പ്രശാന്ത്, ശാന്തി ശ്രീകുമാര്‍, ഷിജി ബിജു എന്നിവര്‍ സംയുക്തമായി മുടികള്‍ ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് കൈമാറി.









