മനാമ: ബഹ്‌റൈനില്‍ സന്ദര്‍ശന വിസ വര്‍ക്ക് പെര്‍മിറ്റാക്കി മാറ്റുന്നതിന് വിലക്കേര്‍പ്പെടുത്താനുള്ള നിയമ ഭേദഗതി ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വോട്ടിനിടും. 1965 ലെ വിദേശികളുടെ (കുടിയേറ്റ, താമസ) നിയമത്തിലെ ഭേദഗതിയാണ് പാര്‍ലമെന്റ് പരിഗണിക്കുന്നത്.
ഈ വര്‍ഷം ആദ്യം എംപിമാര്‍ അംഗീകരിച്ച നിര്‍ദ്ദിഷ്ട ഭേദഗതി ബില്‍ ഷൂറ കൗണ്‍സില്‍ തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വീണ്ടും പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വരുന്നത്. എംപിമാരും ഷൂറ കൗണ്‍സിലും അവരുടെ മുന്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍, ബില്‍ അന്തിമ പ്രമേയത്തിനായി സംയുക്ത ദേശീയ അസംബ്ലി സമ്മേളനത്തില്‍ പരിഗണിക്കും.
പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയും സ്വദേശികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഭേദഗതിയുടെ ലക്ഷ്യമെന്ന് എംപിമാര്‍ പറയുന്നു. അതേസമയം, നിലവിലുള്ള നിയമങ്ങള്‍ ഇതിനകം തന്നെ ഈ വിഷയത്തെ വേണ്ടത്ര നിയന്ത്രിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.









