മനാമ: പതിമൂന്നാമത് ഇ-ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്യുന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രിയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി മന്ത്രിതല സമിതി ചെയര്‍മാനുമായ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പങ്കെടുത്തു. ചടങ്ങില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ഖലീഫയുടെ നേതൃത്വത്തിലുള്ള ഡിജിറ്റല്‍ വികസനവും സമഗ്രമായ ദേശീയപുരോഗതിയെ പിന്തുണയ്ക്കുന്നതില്‍ അതിന്റെ പങ്കും ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല വിശദീകരിച്ചു.
സാമൂഹിക നേട്ടത്തിനായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള രാജകീയ നിര്‍ദേശങ്ങളില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി നല്‍കുന്ന പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു.
രാജ്യത്ത് ഇന്റര്‍നെറ്റ് കണക്ഷന്‍ നിലവില്‍വന്ന 30-ാം വാര്‍ഷികത്തെ ഒരു സുപ്രധാന സാങ്കേതിക നേട്ടമായി ആഭ്യന്തരമന്ത്രി അടയാളപ്പെടുത്തി. അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ അഭിപ്രായത്തില്‍ 100% ഇന്റര്‍നെറ്റ് കവറേജ് നേടികൊണ്ട്, എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇന്റര്‍നെറ്റ് ആക്‌സസ് നല്‍കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ബഹ്‌റൈന്‍.
ഇ-ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുള്ള സര്‍ക്കാര്‍ പിന്തുണയെ ശക്തിപ്പെടുത്തുകയും പൊതു, സ്വകാര്യ മേഖലകളിലുടനീളം മികവിന്റെയും നവീകരണത്തിന്റെയും സംസ്‌കാരം വളര്‍ത്തിയെടുക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2008 ല്‍ പുരസ്‌ക്കാരം ആരംഭിച്ചതിനുശേഷം 1,940 മികച്ച ഡിജിറ്റല്‍ പ്രോജക്ടുകളില്‍ നിന്നായി 184 വിജയികളെ തിരഞ്ഞെടുത്തിട്ടുണ്ട്.









