മനാമ: ബഹ്‌റൈൻ പ്രവാസിയായ അരുൺ പോൾ രചനയും സംവിധാനവും നിർവഹിച്ച കുട്ടികളുടെ ഷോർട്ട് ഫിലിം കൊതിയന്റെ ആദ്യ പൊതു പ്രദർശനം ജൂണ് 21ന് വൈകിട്ട് 7 മണിയ്ക്ക് ആദിലിയ, ബാംഗ് സാങ് തായ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. മുഖ്യാതിഥിയായി പ്രശസ്ത ചലച്ചിത്ര താരം ആന്റണി വർഗ്ഗീസ് (പെപ്പെ) പങ്കെടുക്കും.
40 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം ഇതിനോടകം തന്നെ അഞ്ചോളം ദേശീയ-അന്തർ ദേശീയ ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഒരു കൂട്ടം ബഹ്റിൻ പ്രവാസികളുടെ സൗഹൃദ കൂട്ടായ്മയായ ടീം സിനി മോങ്ക്സിൽ പിറന്ന ഈ ചിത്രത്തിൽ പ്രവാസികളായ പത്തോളം കുട്ടികൾക്കൊപ്പം ബഹറിനിൽ നിന്നുള്ള പ്രമുഖ കലാകാരന്മാരും അണിനിരക്കുന്നു. കോൺവെക്സ് പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ ഒരുക്കിയ ചിത്രത്തിന്റെ സഹനിർമാണം ബിജു ജോസഫും ഗോപൻ ടി ജിയും ചേർന്ന് നിർവഹിച്ചിരിക്കുന്നു.
ഇക്കഴിഞ്ഞ ശിശു ദിനത്തിൽ ചലച്ചിത്ര താരം ആന്റണി വർഗ്ഗീസ് (പെപ്പെ) തന്റെ ഫേസ്ബുക് പേജിലൂടെയാണ് കൊതിയന്റെ ടീസർ റിലീസ് ചെയ്തത്. ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നു എന്ന ഭാവഭേദം ഒട്ടുമില്ലാതെ തകർത്തഭിനയിച്ച കുട്ടിപ്പട്ടാളത്തിന്റെ സാമ്പിൾ പ്രകടനത്തിന് വൻ സ്വീകാര്യതയാണ് അന്ന് സോഷ്യൽ മീഡിയയിലൂടെ ലഭിച്ചത്. അനന്ത കൃഷ്ണൻ, മനോജ് മോഹൻ, സൗമ്യ കൃഷ്ണപ്രസാദ്,ഹന്ന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ജൂൺ 21ന് നടക്കുന്ന പ്രദർശനം കാണുവാൻ ബഹ്‌റൈൻ പ്രവാസികളായ എല്ലാ സിനിമ പ്രേമികളും എത്തിചേരണമെന്ന് അഭ്യർത്ഥിക്കുന്നതായി സംഘടകർ അറിയിച്ചു.