മനാമ: ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ അസോസിയേഷന്‍ (ഐസിആര്‍എഫ് ബഹ്റൈന്‍) സംഘടിപ്പിക്കുന്ന ‘ഫേബര്‍ കാസ്റ്റല്‍ സ്‌പെക്ട്ര 2025’ന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. ബഹ്റൈന്‍ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഏറ്റവും വലിയ വാര്‍ഷിക കലാ കാര്‍ണിവല്‍ ഡിസംബര്‍ 5, വെള്ളിയാഴ്ച ഇന്ത്യന്‍ സ്‌കൂള്‍ ഇസ ടൗണ്‍ ക്യാമ്പസില്‍ വെച്ച് നടക്കും.
കലയുടെ വഴി സംസ്‌കാരങ്ങള്‍ തമ്മില്‍ ബന്ധം സൃഷ്ടിക്കുകയും ബഹ്റൈനിലെ യുവ കലാ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഈ മത്സരം, ഇന്ത്യന്‍, ബഹ്റൈന്‍ കരിക്കുലം സ്‌കൂളുകളും മറ്റ് അന്താരാഷ്ട്ര പാഠ്യപദ്ധതി വിദ്യാലയങ്ങളും ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന പങ്കാളിത്തം കൊണ്ടും സമ്പന്നമാണ്. സൗഹൃദപരവും സൃഷ്ടിപരവുമായ അന്തരീക്ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ കലാപാടവങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് പരിപാടിയുടെ മുഖ്യലക്ഷ്യം.
2009ല്‍ ആരംഭിച്ചതു മുതല്‍ ഫേബര്‍ കാസ്റ്റല്‍ ഈ പരിപാടിയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ആണ്. ഈ വര്‍ഷത്തെ പ്രെസെന്റര്‍ മലബാര്‍ ഗോള്‍ഡാണ്. പരിപാടിയുടെ ഭാഗമായി ഐസിആര്‍എഫ് സ്‌പെക്ട്ര കമ്മിറ്റി അടുത്തിടെ സ്‌കൂള്‍ കോര്‍ഡിനേറ്റര്‍മാരുമായി യോഗം ചേര്‍ന്നു. ബഹ്റൈനിലെ 25 ഓളം സ്‌കൂളുകളില്‍ നിന്നുള്ള ഏകദേശം 40 കോര്‍ഡിനേറ്റര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി എല്ലാവരും പരമാവധി പിന്തുണ വാഗ്ദാനം ചെയ്തു.
പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ നാല് പ്രായവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്: 5-8 വയസ്സ്; 8-11 വയസ്സ്; 11-14 വയസ്സ്; 14-18 വയസ്സ്. ഈ വിഭാഗങ്ങളിലേക്കുള്ള പങ്കാളിത്തം സ്‌കൂളുകള്‍ മുഖാന്തിരം മാത്രമേ അനുവദിക്കൂ. 18 വയസിന് മുകളിലുള്ളവര്‍ക്കായി ഓണ്‍ലൈന്‍ ലിങ്ക് വഴി മത്സരത്തില്‍ പങ്കെടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഫേബര്‍ കാസ്റ്റല്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സൗജന്യ ഡ്രോയിംഗ് മെറ്റീരിയലുകള്‍ വിതരണം ചെയ്യും. ഓരോ വിഭാഗത്തിലെയും മികച്ച അഞ്ച് പേര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും ഓരോ ഗ്രൂപ്പിലെയും മികച്ച 50 പേര്‍ക്ക് മെഡലുകളും, എല്ലാ പങ്കാളികള്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും ലഭിക്കും.
വിശദവിവരങ്ങള്‍ക്ക്: സ്‌പെക്ട്ര കണ്‍വീനര്‍, മുരളീകൃഷ്ണന്‍ 34117864, ജോയിന്റ് കണ്‍വീനര്‍, നിതിന്‍ 39612819. ഇമെയില്‍: icrfbahrain@gmail.com









