മനാമ: എല്ലാവര്‍ക്കും ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി വീട്ടു നമ്പര്‍ ഉള്ളവര്‍ക്ക് മാത്രം റേഷന്‍ കാര്‍ഡ് എന്ന നിലവിലെ മാനദണ്ഡം മാറ്റി ആധാര്‍ കാര്‍ഡ് ഉള്ള എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുകയും കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കാനുള്ള വിപ്ലവകരമായ തീരുമാനത്തിന് ആദ്യ ചുവട് എന്ന നിലയില്‍ ഈ തീരുമാനം എടുത്ത സര്‍ക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍. ബഹ്റൈന്‍ നവകേരള ഇന്ത്യന്‍ ഡിലൈറ് പാര്‍ട്ടി ഹാളില്‍ നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നടപ്പാക്കികൊണ്ടിരിക്കുന്ന, പ്രത്യേകിച്ചും പ്രവാസി ക്ഷേമ പദ്ധതികളെകുറിച്ചും അദ്ദേഹം വിശദീകരിച്ചു. സര്‍ക്കാര്‍ പദ്ധതികളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നത് നല്ലവരായ പ്രവാസികളുടെ കൈത്താങ്ങോടെയാണെന്നും മലയാളികളുടെ കൂട്ടായ്മയുടെയും സംഘടനാ ബോധത്തിന്റെയും ഒക്കെ പ്രതിഫലനമാണ് നാല്‍പത് വര്‍ഷത്തിലധികമായി കെട്ടുറപ്പോടെ ഈ സംഘടന മുന്‍പോട്ട് കൊണ്ടുപോകാന്‍ കഴിയുന്നതെന്നും ഈ കുടുംബസംഗമത്തില്‍ പങ്കെടുന്നത് അതുകൊണ്ട് തന്നെ സന്തോഷം അഭിമാനവുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജീവികാരുണ്യ മേഖലയില്‍ സേവനം നടത്തുന്ന മനാമ സെന്ററല്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് റഹിം വാവകുഞ്ഞിന്റെ അഭാവത്തില്‍ മകന്‍ അന്‍സില്‍ ബഷീറിനും ബിസിനസ് രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ കെആര്‍ പ്രദീപ് കുമാറിനും നവകേരളയുടെ ഉപഹാരം മന്ത്രി നല്‍കി. പ്രസിഡന്റ് എന്‍കെ ജയന്‍ അധ്യക്ഷനായ യോഗത്തില്‍ സെക്രട്ടറി എകെ സുഹൈല്‍ സ്വാഗതവും കോര്‍ഡിനേഷന്‍ സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ ജേക്കബ് മാത്യു, ലോക കേരള സഭാ അംഗം ഷാജി മൂതല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രസിഡന്റ് ഷാജഹാന്‍ കരിവന്നൂര്‍ എംസി ആയ പരിപാടിയില്‍ ജോയിന്റ്‌റ് സെക്രട്ടറി പ്രശാന്ത് മാണിയത്ത് നന്ദി പറഞ്ഞു.









