മനാമ: 2025-2026 സീസണിലെ ഫാര്‍മേഴ്‌സ് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ബുദൈയ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 13ാമത് സീസണ്‍ ഉദ്ഘാടനം ചെയ്തു. 2025 ഫെബ്രുവരി 14 വരെ നീണ്ടുനില്‍ക്കുന്ന ഈ വാരാന്ത്യ വിപണി എല്ലാ ശനിയാഴ്ചകളിലും രാവിലെ ഏഴ് മുതല്‍ രണ്ട് വരെയാണ് പ്രവര്‍ത്തിക്കുക.
നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റ് സെക്രട്ടറി ജനറല്‍ ശൈഖ മറം ബിന്‍ത് ഇസ അല്‍ ഖലീഫ, ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സാറാ ബുഹിജി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടന്നത്.
മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം, നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റുമായി സഹകരിച്ചാണ് ഫാര്‍മേഴ്‌സ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. പൊതുജനങ്ങള്‍ക്ക് പ്രാദേശിക ഉല്‍പന്നങ്ങള്‍ നേരിട്ട് വാങ്ങാനും ബഹ്റൈന്‍ കര്‍ഷകരെ പിന്തുണക്കാനും കഴിയുന്ന ഒരു തുറന്ന വേദി ഒരുക്കുകയാണ് വിപണിയുടെ ലക്ഷ്യം.
33 ബഹ്റൈന്‍ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. കൂടാതെ കാര്‍ഷിക കമ്പനികള്‍, നഴ്‌സറികള്‍, ഹോം ബിസിനസുകള്‍, കരകൗശല വിദഗ്ധര്‍ എന്നിവരും ഉണ്ടാകും. കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ-വിനോദ പ്രവര്‍ത്തനങ്ങള്‍, സുസ്ഥിര കൃഷി, ഭക്ഷ്യസുരക്ഷ എന്നിവയെക്കുറിച്ചുള്ള സമൂഹ അവബോധ പരിപാടികള്‍ എന്നിവയും നടക്കും. കൂടാതെ റസ്റ്റോറന്റുകളും കഫേകളും ഉണ്ടായിരിക്കും.
‘തുടക്കം മുതല്‍ ഞാന്‍ ഈ പദ്ധതിയില്‍ പങ്കാളിയാണ്,’ ഈ ആശയം എത്രത്തോളം ജനപ്രിയമായി വളര്‍ന്നു എന്നതില്‍ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട് ശൈഖ മറം ബഹ്റൈന്‍ വാര്‍ത്തയോട് പറഞ്ഞു. ‘ഇന്നത്തെ മാര്‍ക്കറ്റുമയി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ എളിയ ഒരു പരിപാടിയായാണ് ഞങ്ങള്‍ ആരംഭിച്ചത്. പ്രൊഫഷണലിസത്തിന്റെയും വൈവിധ്യത്തിന്റെയും നിലവാരത്തിലേക്ക് ഈ പദ്ധതി ഉയര്‍ന്നുവന്നതില്‍ എനിക്ക് അഭിമാനമുണ്ട്’, ശൈഖ മറം പറഞ്ഞു.
‘ഭക്ഷണശാലകളായാലും ഉല്‍പ്പാദനക്ഷമമായ കുടുംബ ഔട്ട്‌ലെറ്റുകളായാലും കര്‍ഷകരും കച്ചവടക്കാരും തമ്മില്‍ ആരോഗ്യകരമായ ഒരു മത്സരമാണുള്ളത്. മറ്റൊന്ന്, ആയിരക്കണക്കിന് ആളുകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പാരിപാടി ആണിത്. വര്‍ഷത്തിലെ ഏറ്റവും മികച്ച സമയമാണിത്. സീസണിന്റെ തുടക്കമാണിത്. കാലാവസ്ഥയും മനോഹരമാണ്. ഈ പരിപാടി വിജയമാകാനുള്ള എല്ലാ കാരണങ്ങളും ഇതാണ്.
ഈ മനോഹരമായ ദ്വീപിലെ എല്ലാവരെയും എല്ലാ ശനിയാഴ്ചയും ഈ മനോഹരമായ സ്ഥലത്ത് വന്ന് കുറച്ച് സമയം ചെലവഴിക്കാന്‍ ഞാന്‍ ക്ഷണിക്കുകയാണ്. നിങ്ങള്‍ ഞങ്ങളുടെ ബഹ്റൈന്‍ ഉല്‍പന്നങ്ങള്‍, പ്രാദേശിക ഉല്‍പന്നങ്ങള്‍ എന്നിവ ആസ്വദിക്കാനും, പാനീയങ്ങള്‍ കഴിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.’ ശൈഖ കൂട്ടിച്ചേര്‍ത്തു.









