മനാമ: ഡിസംബര്‍ മൂന്നിന് ബഹ്റൈനില്‍ നടക്കുന്ന 46-ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിക്ക് മുന്നോടിയായി ജിസിസി മന്ത്രിതല കൗണ്‍സിലിന്റെ 166-ാമത് തയ്യാറെടുപ്പ് യോഗം നടന്നു. യോഗത്തില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രിയും നിലവിലെ ജിസിസി മന്ത്രിതല സെഷന്റെ ചെയര്‍മാനുമായ ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി അധ്യക്ഷത വഹിച്ചു.
ജിസിസി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവിയും യോഗത്തില്‍ പങ്കെടുത്തു. യോഗം സംഘടിപ്പിച്ചതിന് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് ജിസിസി സെക്രട്ടറി ജനറല്‍ തന്റെ നന്ദിയും കടപ്പാടും അറിയിച്ചു.
കഴിഞ്ഞ മന്ത്രിതല കൗണ്‍സിലിന്റെ അധ്യക്ഷത വഹിച്ച കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യയ്ക്കും, യോഗം സംഘടിപ്പിക്കുന്നതില്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് സെക്രട്ടറി ജനറലിനും ജിസിസി സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും വിദേശകാര്യ മന്ത്രി നന്ദി പറഞ്ഞു.
ജിസിസി ഉച്ചകോടിക്ക് ബഹ്‌റൈന്‍ ആതിഥേയത്വം വഹിക്കുന്നത് സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും പ്രാദേശിക സംയോജനം കൈവരിക്കുന്നതിനുമുള്ള ജിസിസി രാജ്യങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ വെല്ലുവിളികളെ നേരിടാനുള്ള കഴിവ് ജിസിസി പ്രകടിപ്പിച്ചിട്ടുണ്ടെന്നും, സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതില്‍ ഫലപ്രദവും സ്വാധീനമുള്ളതുമായ ഒരു പ്രാദേശിക സ്ഥാപനമായി ഇതിനെ മാറ്റിയിട്ടുണ്ടെന്നും ഡോ. അല്‍ സയാനി അഭിപ്രായപ്പെട്ടു.
കൂട്ടായ നേട്ടങ്ങള്‍ വിലയിരുത്തുന്നതിന്റെയും, ജിസിസി പ്രകടനം മെച്ചപ്പെടുത്തുന്ന തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിന്റെയും, ജിസിസി പൗരന്മാരുടെ പ്രയോജനത്തിനായി തുടര്‍ച്ചയായ ശ്രമങ്ങളും, അറബ് ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിന്റെയും, അറബ് ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിന്റെയും, ആഗോള സമാധാനവും സുസ്ഥിര വികസനവും നിലനിര്‍ത്തുന്നതിന് അന്താരാഷ്ട്ര സമൂഹവുമായി സഹകരിക്കുന്നതിന്റെയും പ്രാധാന്യം വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു.
യോഗത്തിന്റെ മികച്ച സംഘാടനത്തിന് ഡോ. അല്‍ സയാനിക്കും ബഹ്‌റൈനും കുവൈറ്റ് വിദേശകാര്യ മന്ത്രി അല്‍ യഹ്യ നന്ദി പറഞ്ഞു. ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 46-ാമത് സെഷനില്‍ സുപ്രീം കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് രാജ്യത്തെ അഭിനന്ദിച്ചു. സംയുക്ത ഗള്‍ഫ് ശ്രമങ്ങള്‍ തുടരുന്നതിലും ജിസിസിയുടെ പ്രാദേശിക, അന്തര്‍ദേശീയ പദവി മുന്നോട്ട് കൊണ്ടുപോകുന്നതിലും ബഹ്‌റൈന്‍ നടത്തുന്ന നേതൃത്വത്തിന് അദ്ദേഹം വിജയം ആശംസിച്ചു.
സുപ്രീം കൗണ്‍സിലിന്റെയും മന്ത്രിതല കൗണ്‍സിലിന്റെയും തീരുമാനങ്ങളുടെ തുടര്‍നടപടികള്‍, പ്രത്യേക സമിതികളില്‍ നിന്നുള്ള ശുപാര്‍ശകള്‍, രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ, പ്രതിരോധം, വികസനം, സാമൂഹിക സഹകരണം എന്നിവയെക്കുറിച്ചുള്ള സെക്രട്ടേറിയറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവയുള്‍പ്പെടെ കൗണ്‍സിലിന്റെ അജണ്ട യോഗം അവലോകനം ചെയ്തു. ജിസിസിയും മറ്റ് രാജ്യങ്ങളും ഗ്രൂപ്പുകളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍, വരാനിരിക്കുന്ന ഉച്ചകോടികള്‍, സമ്മേളനങ്ങള്‍, തന്ത്രപരമായ സംഭാഷണങ്ങള്‍ എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകള്‍ എന്നിവയും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു.
കരട് അന്തിമ പ്രസ്താവനയും ഉച്ചകോടി പ്രഖ്യാപനവും കൗണ്‍സില്‍ ചര്‍ച്ച ചെയ്യുകയും ഡിസംബര്‍ 3 ന് ആരംഭിക്കുന്ന 46-ാമത് ജിസിസി ഉച്ചകോടിയില്‍ അംഗീകാരത്തിനായി സുപ്രീം കൗണ്‍സിലിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ സമ്മതിക്കുകയും ചെയ്തു.









