മനാമ: സെലിബ്രേറ്റ് ബഹ്റൈന്‍ സീസണിന്റെ ഭാഗമായ മുഹറഖ് നൈറ്റ്‌സ് ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പിന് തുടക്കം. ഉദ്ഘാടന ചടങ്ങില്‍ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു. മുഹറഖിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ആഘോഷിക്കുന്ന ഖല്‍അത്ത് ബു മാഹിറില്‍ നിന്ന് പേള്‍ മ്യൂസിയം – സിയാദി മജ്ലിസ് വരെയുള്ള ചരിത്രപരമായ പേളിംഗ് പാതയിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.
മുഹറഖ് നൈറ്റ്‌സ് പോലുള്ള ദേശീയ ഉത്സവങ്ങള്‍ ടൂറിസത്തെയും സമ്പദ്വ്യവസ്ഥയെയും പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ”മുഹറഖ് നൈറ്റ്‌സ് ഫെസ്റ്റിവല്‍ ബഹ്റൈനിന്റെ ഐഡന്റിറ്റിയെ ശക്തിപ്പെടുത്തുകയും മേഖലയിലെ ഒരു മികച്ച സാംസ്‌കാരിക, വിനോദസഞ്ചാര കേന്ദ്രമായി രാജ്യത്തെ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു”, അദ്ദേഹം പറഞ്ഞു.
മുഹറഖിന്റെ സാംസ്‌കാരിക സ്വത്വം ഉയര്‍ത്തിക്കാട്ടുന്നതില്‍ സംഘാടകര്‍ നടത്തിയ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഷെയ്ഖ് മുഹമ്മദിന് നല്‍കിയ പിന്തുണയ്ക്ക് ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസ് (ബിഎസിഎ) പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ നന്ദി പറഞ്ഞു.
പ്രമുഖ ബാങ്കുകളുമായും കമ്പനികളുമായും പങ്കാളിത്തത്തോടെയാണ് ഫെസ്റ്റിവല്‍ നടത്തുന്നത്. ഡിസംബര്‍ 30 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ വൈകുന്നേരം 5 മുതല്‍ രാത്രി 10 വരെയും വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ വൈകുന്നേരം 5 മുതല്‍ 12 വരെയുമാണ് പരിപാടികള്‍.
പ്രാദേശിക, അന്തര്‍ദേശീയ കലാകാരന്മാരുടെ പ്രദര്‍ശനങ്ങള്‍, പരമ്പരാഗത ബഹ്റൈന്‍ കരകൗശല വസ്തുക്കള്‍, തത്സമയ സംഗീത പ്രകടനങ്ങള്‍, പ്രാദേശിക, അന്തര്‍ദേശീയ വിഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പാചക സ്റ്റേഷനുകള്‍, ഗൈഡഡ് ഹെറിറ്റേജ് ടൂറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന 3.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പേളിംഗ് പാതയിലൂടെ സന്ദര്‍ശകര്‍ക്ക് മുഹറഖിന്റെ പൈതൃകം ആസ്വദിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കും ഷെഡ്യൂളുകള്‍ക്കും രജിസ്‌ട്രേഷനുമയി @CultureBah, @pearlingpath എന്നിവ സന്ദര്‍ശിക്കുക.









