മനാമ: ഭരണനിര്‍വഹണത്തിലെ കെടുകാര്യസ്ഥതകൊണ്ടും സാമ്പത്തിക ധൂര്‍ത്തിനാലും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട മുഖ്യമന്ത്രിയും എല്‍ഡിഎഫും വര്‍ഗീയതയെ തലോടികൊണ്ടാണ് പുതിയ രാഷ്ട്രീയ അജണ്ട രൂപപെടുത്തുന്നതെന്ന് യുഡിഎഫ് ബഹ്‌റൈന്‍ ആരോപിച്ചു. കേരളത്തിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മനാമ കെഎംസിസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യുഡിഎഫ് കണ്‍വെന്‍ഷന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പ്രവാസികളുടെ ക്ഷേമത്തിനായി പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പാക്കാതെ അവര്‍ക്ക് അര്‍ഹതപ്പെട്ട പെന്‍ഷന്‍ പോലും യഥാസമയം നല്‍കാതെ പ്രതിഷേധം ഉയരുമ്പോള്‍ മാത്രം തല്‍കാലം നല്‍കിയുമാണ് ഭരണം മുന്നോട്ടുകൊണ്ടുപോവുന്നത്. വീണ്ടും സുന്ദര വാഗ്ദാനങ്ങള്‍ നല്‍കി പ്രവാസി വീടുകളില്‍ വന്ന് വോട്ട് ചോദിക്കുന്ന ഭരണ വക്താക്കളോട് അധികാരത്തില്‍ വരാന്‍ വേണ്ടി മൊഴിഞ്ഞ വാഗ്ദാനങ്ങള്‍ എവിടെ എന്നു ചോദിക്കാന്‍ ഓരോ പ്രവാസി വീടുകളെയും പ്രാപ്തമാക്കണമെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ മതനിരപേക്ഷ സംസ്‌കാരവും, മതേതര പൈതൃകവും മറന്ന് കേവലം ഒരു തുടര്‍ഭരണത്തിനായി മാത്രം കളങ്കപ്പെടുത്തുന്ന കേരള രാഷ്ട്രീയം മുന്‍വിധിയോടെ കണ്ടില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. വേള്‍ഡ് കെഎംസിസി സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു.
ഒഐസിസി ദേശീയ ജനറല്‍ സെക്രട്ടറി മനു മാത്യു മുഖ്യ പ്രഭാഷണം നടത്തി. കെഎംസിസി ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര സ്വാഗതവും ഒഐസിസി സെക്രട്ടറി പ്രദീപ് മേപ്പയൂര്‍ നന്ദിയും പറഞ്ഞു. കെഎംസിസി ആക്ടിങ് പ്രസിഡന്റ് എപി ഫൈസല്‍, കെഎംസിസി സീനിയര്‍ നേതാവ് കുട്ടൂസ മുണ്ടേരി, ഐവൈസിസി പ്രസിഡന്റ് ഷിബിന്‍ തോമസ്, നൗക ബഹ്റൈന്‍ സെക്രട്ടറി ബിനു കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കെഎംസിസി സംസ്ഥാന ഭാരവാഹികളായ ഷാഫി പാറക്കട്ടെ, റഫീഖ് തോട്ടക്കര, ഫൈസല്‍ കോട്ടപ്പള്ളി, എന്‍ അബ്ദുല്‍ അസീസ്, അഷ്റഫ് കാട്ടില്‍ പീടിക, ഷഹീര്‍ കാട്ടമ്പള്ളി ഒഐസിസി നേതാക്കളായ നിസാര്‍ കുന്നംകുളത്തിങ്കല്‍, റംഷാദ് അയിലക്കാട്, ഗിരീഷ് കാളിയത്ത്, നസീം തൊടിയൂര്‍, രഞ്ജന്‍ കച്ചേരി, ചന്ദ്രന്‍ വളയം, ഐവൈസിസി നേതാക്കളായ ഫാസില്‍ വട്ടോളി, നൗക ബഹ്റൈന്‍ പ്രതിനിധികളായ മഹേഷ് പൂത്തോളി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.









