മനാമ: ജീനിയസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടം കരസ്ഥമാക്കി ബഹ്റൈനിലെ കുട്ടി പ്രവാസി എരിഷ് ലാറിന്‍ പി. 1 വയസും 7 മാസവും പ്രായമുള്ള എരിഷ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേട്ടവും നേരത്തെ സ്വന്തമാക്കിയിരുന്നു. വേള്‍ഡ്കിങ്‌സ് ടോപ്പ് റെക്കോര്‍ഡ്‌സ് 2025 പട്ടികയിലും എരിഷ് ഇടം നേടിയിട്ടുണ്ട്.
വളരെ ചെറുപ്പത്തില്‍ തന്നെ പച്ചക്കറികള്‍, ജ്യാമിതീയ രൂപങ്ങള്‍, മൃഗങ്ങള്‍, വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ എന്നിവ കൃത്യതയോടെ തിരിച്ചറിയുന്ന അപൂര്‍വ കഴിവിനാണ് ഈ അംഗീകാരം.
നിലവില്‍ ബഹ്‌റൈനിലെ താമസക്കാരായ എരിഷിന്റെ പിതാവ് ഹസീം പിയും മാതാവ് ശബാനയും കുറ്റിപ്പുറം സ്വദേശികളാണ്. മകളുടെ ഈ നേട്ടത്തില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കുട്ടിയുടെ ഭാവി പഠനത്തെയും സൃഷ്ടിപരമായ വളര്‍ച്ചയെയും തുടര്‍ന്നും പിന്തുണയ്ക്കുമെന്ന് മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ഇവര്‍ ബഹ്‌റൈന്‍ മലപ്പുറം ഡിസ്റ്റിക് ഫോറം (BMDF) മെമ്പര്‍മാര്‍ കൂടിയാണ്.









