മനാമ: ബഹ്റൈനില്‍ നടന്ന 46-ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിജിസി) ഉച്ചകോടിക്ക് സമാപനം. സമാപന ദിനത്തില്‍ പൊതു വിശ്വാസം, വംശം, ഭാഷ എന്നിവയില്‍ വേരൂന്നിയ തങ്ങളുടെ അവിഭാജ്യമായ സുരക്ഷാ ബന്ധം ജിസിസി നേതാക്കള്‍ വീണ്ടും ഉറപ്പിച്ചു. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ അല്‍ സാഖിര്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു സമാപന സമ്മേളനം.
ഗള്‍ഫ് സഹകരണം ശക്തിപ്പെടുത്തുന്നതിനും, മേഖലയുടെ സുരക്ഷ സംരക്ഷിക്കുന്നതിനും, സാമ്പത്തിക സംയോജന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനുമുള്ള ജിസിസി രാജ്യങ്ങളുടെ പ്രതിബദ്ധത ബഹ്റൈന്‍ രാജാവ് തന്റെ സമാപന പ്രസംഗത്തില്‍ അവതരിപ്പിച്ചു.
ഭക്ഷ്യ-ജല സുരക്ഷ, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ എന്നിവ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെയും, മേഖലയില്‍ സ്ഥിരത കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നത് തുടരേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫലസ്തീന്‍ ലക്ഷ്യത്തിന് നീതിയുക്തവും സമഗ്രവുമായ ഒരു പരിഹാരത്തിനായുള്ള പിന്തുണയാണ് അവയില്‍ പ്രധാനം.
ജിസിസി രാജ്യങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് ഇറ്റലിയുടെ നന്ദി പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അറിയിച്ചു. ഊര്‍ജ്ജം, ഡിജിറ്റല്‍ പരിവര്‍ത്തനം, സമുദ്ര സുരക്ഷ എന്നീ മേഖലകളില്‍ പ്രാദേശിക സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക, സാങ്കേതിക സഹകരണം വികസിപ്പിക്കുന്നതിനും ഇറ്റലിയുടെ പിന്തുണ അവര്‍ അറിയിച്ചു. മേഖലയുടെ സ്ഥിരതയ്ക്ക് ഗള്‍ഫ് വഹിക്കുന്ന പങ്കിന്റെ പ്രാധാന്യവും അവര്‍ എടുത്തുപറഞ്ഞു.
”ജിസിസി രാജ്യങ്ങളുടെയും മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെ ബഹുമാനിക്കുക, അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുക, ബലപ്രയോഗമോ, ഭീഷണിയോ തള്ളികളയുക, ഒരു അംഗരാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള ഏതൊരു ലംഘനവും അവരുടെ കൂട്ടായ്മയുടെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണ്.”, കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മധ്യപൂര്‍വദേശത്തെ ആണവായുധങ്ങളില്‍ നിന്നും കൂട്ടക്കൊലക്ക് ഉപയോഗിക്കുന്ന ആയുധങ്ങളില്‍ നിന്നും മുക്തമാക്കുക എന്ന ലക്ഷ്യത്തിന് നേതാക്കള്‍ ഊന്നല്‍ നല്‍കി. ഊര്‍ജ്ജ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സമുദ്ര നാവിഗേഷന്‍ സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര വ്യാപാരം സംരക്ഷിക്കുന്നതിനും ബഹ്റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംയുക്ത നാവിക സേന നടത്തുന്ന ശ്രമങ്ങളെ നേതാക്കള്‍ എടുത്തുപറഞ്ഞു.
ജിസിസി രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വികസനവും സമൃദ്ധിയും കൈവരിക്കുന്നതിനായി സംയുക്ത ഏകോപനം, സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തല്‍, സംയോജനത്തിന്റെയും സഹകരണത്തിന്റെയും പാതകളെ പിന്തുണയ്ക്കല്‍ എന്നിവയില്‍ തുടര്‍ച്ചയായ പരിശ്രമം വീണ്ടും ഉറപ്പിച്ചുകൊണ്ടാണ് ഏകദിന ഉച്ചകോടി അവസാനിച്ചത്.









