റിയാദ്: ബഹ്‌റൈനില്‍ നടന്ന 46-ാമത് ജിസിസി ഉച്ചകോടിക്കിടെ നിരവധി കരാറുകളില്‍ ഒപ്പുവെച്ച് സൗദിയും ബഹ്‌റൈനും. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിവിധ മേഖലകളില്‍ കരാറുകളില്‍ ഒപ്പുവെച്ചത്.
മനാമയില്‍ നടന്ന നാലാമത് സൗദി-ബഹ്റൈന്‍ കോര്‍ഡിനേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വെച്ചാണ് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചത്. യോഗത്തില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദും അധ്യക്ഷത വഹിച്ചു.
ആണവ സുരക്ഷ, ഇരട്ട നികുതി ഒഴിവാക്കല്‍, സുസ്ഥിര വികസനം, നിക്ഷേപം, ഗതാഗതം, വിദ്യാഭ്യാസം, എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കും. ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡിന്റെ സുസ്ഥിര വികസന മന്ത്രിയും ചീഫ് എക്സിക്യൂട്ടീവുമായ നൂര്‍ ബിന്‍ത് അലി അല്‍ഖുലൈഫും സൗദി അറേബ്യയുടെ സാമ്പത്തിക, ആസൂത്രണ മന്ത്രി ഫൈസല്‍ ബിന്‍ ഫാദില്‍ അലിബ്രഹീമും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.









