മനാമ: ഒരു പെണ്‍കുട്ടിയെ ചൂഷണം ചെയ്യുകയും മനുഷ്യക്കടത്തിന് ഇരയാക്കുകയും ചെയ്ത കേസില്‍ ഒരു ഏഷ്യന്‍ വനിതയെ ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ക്രിമിനല്‍ വിചാരണക്കയച്ചു. മനുഷ്യക്കടത്ത്, നിര്‍ബന്ധിത ജോലി, ചൂഷണം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഡിസംബര്‍ ഏഴിനാണ് ആദ്യ വാദം കേള്‍ക്കല്‍. പ്രതിയായ യുവതിയും ഇരയാക്കപ്പെട്ട പെണ്‍കുട്ടിയും ഒരേ രാജ്യക്കാരാണ്. പ്രതി പെണ്‍കുട്ടിയെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പ്രതി സാമ്പത്തികമായി നേട്ടമുണ്ടാക്കിയിട്ടുണ്ട്.
റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ അധികാരികള്‍ അന്വേഷണം ആരംഭിക്കുകയും ഇരയുടെ മൊഴിയെടുക്കുകയും അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പ്രതിയെ വിചാരണ തീരുന്നത് വരെ തടങ്കലില്‍ വെച്ചിരിക്കുകയാണ്.









