മനാമ: ബഹ്റൈന്‍ കേരളീയ സമാജവും (ബികെഎസ്) ഇന്ത്യയിലെ പ്രമുഖ പ്രസാധക സ്ഥാപനമായ ഡിസി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന 9-ാമത് ബികെഎസ്-ഡിസി അന്താരാഷ്ട്ര പുസ്തകോത്സവവും സാംസ്‌കാരിക കാര്‍ണിവലും ഡിസംബര്‍ 4 വ്യാഴാഴ്ച ബഹ്റൈന്‍ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു.
വൈകീട്ട് 7 മണിക്ക് ഏഷ്യന്‍ സ്‌കൂളിലെ 80 ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെത്ത സംഗീത ബാന്‍ഡിന്റെ ഉജ്ജ്വലമായ പ്രകടനത്തോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. ബികെഎസ് സംഘടിപ്പിച്ച പുസ്തകോത്സവവും ഫോട്ടോഗ്രാഫി പ്രദര്‍ശനവും ഇന്ത്യന്‍ അംബാസഡര്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും ഗാനരചയിതാവുമായ പ്രഭാ വര്‍മ്മ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ബികെഎസ് ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ സ്വാഗതവും ബികെഎസ് പ്രസിഡന്റ് പിവി രാധാകൃഷ്ണ പിള്ള അധ്യക്ഷ പ്രസംഗവും നടത്തി. ഭദ്രദീപം കൊളുത്തി ഇന്ത്യന്‍ അംബാസഡര്‍ സദസ്സിനെ അഭിസംബോധന ചെയ്തു. ബഹ്‌റൈനിലെ സാഹിത്യ സമൂഹവുമായി തന്റെ ചിന്തകള്‍ പങ്കുവെച്ചുകൊണ്ട് പ്രഭാ വര്‍മ്മയും സംസാരിച്ചു.
ബികെഎസ് സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രന്‍ നായര്‍ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു സംസാരിച്ചു. ബികെഎസ്ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെയും സാംസ്‌കാരിക കാര്‍ണിവലിന്റെയും ജനറല്‍ കണ്‍വീനര്‍ ആഷ്ലി കുര്യന്‍ നന്ദി പറഞ്ഞു. ചടങ്ങില്‍ ഡിസി ബുക്സ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ സിദ്ധാര്‍ത്ഥ് രവി ഡിസി പങ്കെടുത്തു. തുടര്‍ന്ന് പ്രഭാ വര്‍മ്മയുമായുള്ള സംവാദ സദസ്സ് നടന്നു.
ഡിസംബര്‍ 14 വരെ ദിവസവും രാവിലെ 9 മുതല്‍ രാത്രി 11 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ പ്രത്യേകം തയ്യാറാക്കിയ കുട്ടികളുടെ വിഭാഗം ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കും. പുസ്തകമേളയ്ക്കൊപ്പം, കെജി ബാബുരാജന്‍ ഹാളില്‍ നടക്കുന്ന ഫോട്ടോഗ്രാഫി എക്‌സിബിഷന്‍ കലാ-ചിത്ര പ്രദര്‍ശനമായി മാറും.
ഗസലുകള്‍, നൃത്ത നാടകങ്ങള്‍, മ്യൂസിക് ബാന്‍ഡ് ഷോകള്‍, ഇന്ത്യന്‍ സാംസ്‌കാരിക കലാരൂപങ്ങള്‍, സംഗീത സായാഹ്നങ്ങള്‍, സ്‌പോട്ട് ക്വിസുകള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദൈനംദിന സാംസ്‌കാരിക പരിപാടികള്‍ വൈകുന്നേരം 7.30 ന് അരങ്ങേറും.
എല്ലാ വൈകുന്നേരവും സാംസ്‌കാരിക പരിപാടികള്‍ക്ക് ശേഷം പുസ്തക പ്രകാശനങ്ങളും അതിഥി എഴുത്തുകാരുമായുള്ള സംവേദനാത്മക സെഷനുകളും ഉണ്ടായിരിക്കും. പുസ്തകോത്സവവും സാംസ്‌കാരിക കാര്‍ണിവലും, പ്രദര്‍ശനങ്ങളും പൊതുജനങ്ങള്‍ക്ക് വേണ്ടി രാവിലെ 9.30 മുതല്‍ രാത്രി 11.00 വരെ തുറന്നിട്ടിരിക്കുന്നു.









