മനാമ: ബഹ്റൈന്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ അസോസിയേഷന്‍ (ഐസിആര്‍എഫ് ബഹ്റൈന്‍) സംഘടിപ്പിച്ച പതിനേഴാമത് ‘ഫേബര്‍ കാസ്റ്റല്‍ സ്‌പെക്ട്ര 2025’ പെയിന്റിങ് മത്സരം ഡിസംബര്‍ അഞ്ചിന് ഇന്ത്യന്‍ സ്‌കൂള്‍ ഇസ ടൗണ്‍ കാമ്പസില്‍ വെച്ച് നടത്തി. രാജ്യത്തെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി കലാമത്സരമായി വളര്‍ന്നിരിക്കുന്ന ഈ വാര്‍ഷിക പരിപാടിയുടെ വിജയികളെ അതേ ദിവസം വൈകുന്നേരം പ്രഖ്യാപിക്കുകയും ആദരിക്കുകയും ചെയ്തു.
മത്സരത്തിന്റെ ഫിനാലെ ഐസിആര്‍എഫ് ചെയര്‍മാന്‍ അഡ്വ. വി.കെ തോമസ് വിളക്കുതെളിച്ച് ഉദ്ഘാടനം ചെയ്തു. ഐസിആര്‍എഫ് അംഗങ്ങള്‍, ഫേബര്‍ കാസ്റ്റല്‍ പ്രതിനിധികള്‍, വിവിധ സ്‌കൂളുകളുടെ അധ്യാപകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഈ വര്‍ഷത്തെ മത്സരത്തിന് റെക്കോഡ് നിരക്കില്‍ പങ്കാളിത്തം ലഭിച്ചു. ബഹ്റൈനിലെ 30ലധികം സ്‌കൂളുകളില്‍ നിന്നായി ഏകദേശം 3000ത്തോളം വിദ്യാര്‍ത്ഥികള്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിച്ചു. കൂടാതെ മുതിര്‍ന്നവര്‍ക്കായി (18 വയസ്സിന് മുകളിലുള്ളവര്‍) പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ സ്‌കൂള്‍ ജഷന്‍മാല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മാനദാന ചടങ്ങില്‍ ബഹ്‌റൈനിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്‍ട്രി ഹെഡും സിഇഒയുമായ മധു രാമന്‍കുട്ടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് പര്‍വേസ് അഹമ്മദ്, ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ ചെയര്‍മാന്‍ ബിനു മണ്ണില്‍ വര്‍ഗീസ്, ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, സെക്രട്ടറി രാജ പാണ്ഡ്യന്‍, വൈസ് ചെയര്‍മാന്‍ ഡോ. ഫൈസല്‍, ന്യൂ ഹൊറൈസണ്‍ സ്‌കൂള്‍ ചെയര്‍മാന്‍ ജോയ് മാത്യൂസ്, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ജാന്‍ തോമസ്, എബനേസര്‍ പ്രൈവറ്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോബി അഗസ്റ്റിന്‍, ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ പ്രസിഡന്റ് സ്മിത ജെന്‍സണ്‍, സി.എ ചാപ്റ്റര്‍ മുന്‍ ചെയര്‍മാന്‍ വിവേക് ഗുപ്ത, ക്വാളിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രവി വാരിയര്‍ എന്നിവര്‍ പങ്കെടുത്തു.
മത്സരാര്‍ഥികളെ നാല് പ്രായ ഗ്രൂപ്പുകളിലായി വര്‍ഗീകരിക്കുകയും ഓരോ ഗ്രൂപ്പിലും മികച്ച അഞ്ച് മത്സരാര്‍ഥികളെ ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കുകയും ചെയ്തു. ഓരോ ഗ്രൂപ്പിലെ മികച്ച 50 മത്സരാര്‍ഥികള്‍ക്ക് മെഡലുകളും എല്ലാവര്‍ക്കും പങ്കെടുക്കല്‍ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫേബര്‍ കാസ്റ്റല്‍ വരയ്ക്കല്‍ സാമഗ്രികളും നല്‍കി. വിജയികളുടെയും ശ്രദ്ധേയമായ എന്‍ട്രികളുടെയും ചിത്രങ്ങള്‍ 2026ലെ വാള്‍, ഡെസ്‌ക്ടോപ്പ് കലണ്ടറുകളില്‍ ഉള്‍പ്പെടുത്തും. കലണ്ടറുകള്‍ ഡിസംബര്‍ അവസാനം പുറത്തിറക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.









