മനാമ: സല്‍മാനിയ കാനു ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ലേഡീസ് വിങ്ങിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മലയാളത്തിന്റെ ഭാവഗായിക ലതിക ടീച്ചര്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ചടങ്ങില്‍ ലേഡീസ് വിങ്ങിന്റെ പുതിയ പ്രസിഡന്റ് ശ്രീജയ് ബിനോ, സെക്രട്ടറി സിന്ധു റോയി, ട്രഷറര്‍ ആശ ശിവകുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി വിദ്യാ രാജേഷ് എന്നിവര്‍ വിശിഷ്ട അതിഥിയില്‍ നിന്നും ബാഡ്ജുകള്‍ സ്വീകരിച്ച് സ്ഥാനം ഏറ്റെടുത്തു.
കുടുംബാംഗങ്ങളും കുട്ടികളുമായി നിറഞ്ഞ സദസ്സില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി ചെയര്‍മാന്‍ സനീഷ് കൂറുമുള്ളില്‍ അധ്യക്ഷത വഹിച്ചു, സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പോഷക സംഘടനകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി ജനറല്‍ സെക്രട്ടറി ബിനുരാജ് രാജന്‍ സ്വാഗതം രേഖപ്പെടുത്തി.
ലേഡീസ് വിങ് പ്രസിഡന്റ് ശ്രീജയ് ബിനോ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കുമായി കൂടുതല്‍ പ്രയോജനപ്രദമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.
തുടര്‍ന്ന് ലേഡീസ് വിങ്ങിന്റെ പുതിയ ഭാരവാഹികളും, കോര്‍ഡിനേറ്റര്‍ അജികുമാറും ആശംസകള്‍ അറിയിച്ച് സംസാരിച്ചു. ലേഡീസ് വിംഗ് കള്‍ച്ചര്‍ സെക്രട്ടറി വിദ്യാ രാജേഷ് നന്ദി രേഖപ്പെടുത്തിയ ചടങ്ങില്‍ വിനീത അരുണ്‍ അവതാരകയായിരുന്നു.









