മനാമ: ഇന്ത്യന്‍ വംശജരായ 1,200-ല്‍ അധികം കുട്ടികള്‍ പങ്കെടുത്ത കെസിഎ-ബിഎഫ്‌സി ഇന്ത്യന്‍ ടാലന്റ് സ്‌കാന്‍ 2025 കലോത്സവം വിജയകരമായി സമാപിച്ചതായി സംഘാടകര്‍ അറിയിച്ചു. ഒക്ടോബര്‍ 18നാണ് പരിപാടിയ്ക്ക് ഔദ്യോഗികമായി തുടക്കമായത്. പങ്കെടുത്തവരെ അഞ്ച് പ്രായ വിഭാഗങ്ങളായി തിരിച്ചിരുന്നു.
നൃത്തം, സംഗീതം, ആര്‍ട്സ് & ക്രാഫ്റ്റ്സ്, സാഹിത്യം മറ്റ് അനുബന്ധ മത്സരങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളിലായി 180-ല്‍ അധികം ഇനങ്ങള്‍ അരങ്ങേറി. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നൂറോളം എന്‍ട്രികള്‍ ലഭിച്ച ടീം ഇനങ്ങളില്‍ റെക്കോര്‍ഡ് പങ്കാളിത്തമുണ്ടായി. ബഹ്റൈനിലെ 10-ല്‍ അധികം സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഈ സാംസ്‌കാരിക മേളയില്‍ അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു.
ഗ്രാന്‍ഡ് ഫിനാലെയും അവാര്‍ഡ് ദാന ചടങ്ങും ഡിസംബര്‍ 12 വെള്ളിയാഴ്ച വൈകുന്നേരം 6 ന് സെഗയയിലെ കെസിഎ- വികെഎല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും സിനിമാ താരവുമായ വിന്‍സി അലോഷ്യസ് മുഖ്യാതിഥിയായി അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ടാലന്റ് സ്‌കാന്‍ ചെയര്‍പേഴ്‌സണ്‍ സിമി ലിയോ അറിയിച്ചു. ചടങ്ങില്‍ 800-ല്‍ അധികം ട്രോഫികള്‍ സമ്മാനിക്കുകയും എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്യും.
ഉയര്‍ന്ന നിലവാരം ഉറപ്പാക്കുന്നതിനായി, എല്ലാ ക്ലാസിക്കല്‍ നൃത്ത ഇനങ്ങളും ഇന്ത്യയില്‍ നിന്ന് വന്ന വിദഗ്ദ്ധരായ വിധികര്‍ത്താക്കളാണ് വിലയിരുത്തിയത്. മികച്ച സംഗീത അധ്യാപകനുള്ള അവാര്‍ഡും മികച്ച നൃത്ത അധ്യാപകനുള്ള അവാര്‍ഡും ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രഖ്യാപിക്കുകയും സമ്മാനിക്കുകയും ചെയ്യും. കൂടാതെ, ഓരോ സ്‌കൂളില്‍ നിന്നും പങ്കെടുത്തവരുടെ എണ്ണത്തെയും മൊത്തം റാങ്ക്/ഗ്രേഡ് പോയിന്റുകളെയും അടിസ്ഥാനമാക്കി സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡുകളും നല്‍കും.









