മനാമ: ബഹ്റൈന്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഗോപുരങ്ങള്‍ക്കിടയിലൂടെ പറന്ന് വിംഗ്സ്യൂട്ട് അത്ലറ്റുകള്‍. വിംഗ്സ്യൂട്ട് അത്ലറ്റുകളായ ഡാനി റോമനും ഫ്രെഡ് ഫ്യൂഗനും ഇരട്ട ഗോപുരങ്ങള്‍ക്കിടയിലൂടെ രണ്ടു ദിശകളില്‍ നിന്നും പറന്നുവന്ന് നേര്‍ക്കുനേര്‍ ക്രോസിംഗ് നടത്തി. ലോകത്തില്‍ ആദ്യമായാണ് രണ്ടു കായികതാരങ്ങള്‍ ഇരട്ട ഗോപുരങ്ങള്‍ക്കിടയില്‍ ഒരേസമയം ക്രോസിംഗ് നടത്തിയത്.
ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റിയും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റിയും റെഡ് ബുള്ളുമായി സഹകരിച്ചാണ് ഈ സാഹസിക കായിക വിസ്മയം ഒരുക്കിയത്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ പറന്ന് തുടങ്ങിയ ഇവര്‍ പിന്നീട് 440 കിലോമീറ്റര്‍ വേഗത കൈവരിച്ചു. 10 മീറ്റര്‍ അകലത്തിലാണ് ഡാനി റോമനും ഫ്രെഡ് ഫ്യൂഗനും ക്രോസിംഗ് നടത്തിയത്.
4000 അടി ഉരത്തില്‍ ഹെലികോപ്റ്ററില്‍ നിന്ന് താഴേക്ക് കുതിച്ച ഇവര്‍ ആദ്യം എതിര്‍ ദിശകളിലേക്ക് പറന്നു. പിന്നീട് വേള്‍ഡ് ട്രേഡ് സെന്ററിന്റെ കാറ്റാടി ടര്‍ബൈനുകള്‍ക്ക് 40 മീറ്റര്‍ ഉയരത്തിലായി എതിര്‍ ദിശയില്‍ ഒരേ സമയം പറന്ന് താഴെയിറങ്ങി.
2022-ലെ ബഹ്റൈന്‍ സന്ദര്‍ശനത്തിനിടെയാണ് റോമനും ഫ്യൂഗനും ബഹ്റൈന്‍ വേള്‍ഡ് ട്രേഡ് സെന്ററിലെ സിന്‍ക്രൊണൈസ്ഡ് ക്രോസിംഗിനുള്ള സാധ്യത തിരിച്ചറിഞ്ഞത്. പിന്നീട് രണ്ട് വര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് ഈ ചരിത്ര പറക്കല്‍ നടത്തിയത്. ഫ്രാന്‍സിലും ബഹ്റൈനിലുമായാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.









