മനാമ: ബഹ്റൈന്‍ കോഫി ഫെസ്റ്റിവല്‍ 2025ന് തുടക്കം. ഇന്ന് വൈകീട്ട് മൂന്നുമണിക്ക് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററില്‍ കോഫി ഫെസ്റ്റിവലിന് തുടക്കം കൂറിച്ചു. ഡിസംബര്‍ 13 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക. ഡിസംബർ 13 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള 100-ലധികം പ്രാദേശിക, അന്തർദേശീയ ബ്രാൻഡുകൾ പങ്കെടുക്കുന്നു. ലോകമെമ്പാടുമുള്ള കാപ്പി പ്രേമികളെയും പ്രൊഫഷണലുകളെയും ലക്ഷ്യമിട്ടാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
9, 10, 11 തീയതികളില്‍ വൈകീട്ട് 3 മണി മുതല്‍ രാത്രി 10 മണി വരെയും, 12 ന് ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി 10 മണി വരെയും, സമാപന ദിവസം രാവിലെ 10 മുതല്‍ രാത്രി 10 വരെയുമാണ് ഫെസ്റ്റിവല്‍ നടക്കുക. ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ബിസിസിഐ), ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍സ് അതോറിറ്റി (ബിടിഇഎ), എക്സിബിഷന് വേള്‍ഡ് ബഹ്റൈന്‍ (ഇഡബ്ല്യുബി) എന്നിവയുമായി സഹകരിച്ച് ഡിഎക്സ്ബി ലൈവ് ആണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
ബിടിഇഎ സിഇഒയും ഇഡബ്ല്യുബി ചെയർപേഴ്സണുമായ സന അഹമ്മദ് ബുഹിജി കോഫീ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡിഎക്സ്ബി ലൈവിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഖാലിദ് അൽഹമ്മദി സന്നിദ്ധനായിരുന്നു.

ആഗോള വിദഗ്ധര്‍ നയിക്കുന്ന 25-ലധികം പ്രൊഫഷണല്‍ വര്‍ക്ക്ഷോപ്പുകള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. ഡിസംബര്‍ 11, 12 തീയതികളില്‍ നടക്കുന്ന ‘ലാറ്റെ ആര്‍ട്ട്’ മത്സരത്തില്‍ 54 പേര് പങ്കെടുക്കും. വിജയിക്ക് 1,200 ബഹ്റൈന്‍ ദിനാര്‍ സമ്മാനമായി ലഭിക്കും.
പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ വിപുലമായ ഭക്ഷണ പാനീയ മേഖലയും നൂതനമായ കോഫി അനുഭവങ്ങള്‍ നല്കുന്ന മേഖലയും ഏറ്റവും പുതിയ റോസ്റ്റിംഗ്, ബ്രൂയിംഗ്, പ്രൊഫഷണല്‍ ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു മേഖലയും ഫെസ്റ്റിവലില്‍ ഉള്‍പ്പെടുന്നു.
കോര്ട്ടാഡോ, ബ്ലാക്ക് 22, മൊമെന്റ്സ് റോസ്റ്ററി, റൈസ് ബേക്ക്ഹൗസ് ഉള്‍പ്പെടെയുള്ള പ്രമുഖ ആഗോള കോഫി ബ്രാന്‍ഡുകളും ബാരിസ്റ്റ സൊല്യൂഷന്‍സ്, ആള്‍ട്ടുറ എന്റര്‍പ്രൈസസ്, കോഫി സൂക്ക്, ബീന്‍സ് തുടങ്ങിയ ബ്രാന്‍ഡുകളും ഫെസ്റ്റിവലില്‍ പങ്കാളികളാണ്.

പ്രാദേശിക, അന്തര്‍ദേശീയ വിദഗ്ധരെയും ബ്രാന്‍ഡുകളെയും കോഫി ആരാധകരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഈ ഫെസ്റ്റിവല്‍, സര്‍ഗ്ഗാത്മകത, നവീനത, കല എന്നിവ പ്രദര്‍ശിപ്പിക്കുന്ന വേദി കൂടിയാകും. മത്സരങ്ങള്‍, തത്സമയ പ്രദര്‍ശനങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍, സാംസ്കാരിക പ്രദര്‍ശനങ്ങള്‍ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമാണ്.
കാപ്പി സംസ്കാരത്തിന്റെ പൈതൃകവും പരിണാമവും ആഘോഷിക്കുന്ന ആര്‍ട്ട് കോര്‍ണറും മിനി കോഫി മ്യൂസിയവും സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമായിരിക്കും. സാംസ്കാരിക ആകര്‍ഷണത്തിനപ്പുറം, ബിസിനസുകളും ബ്രാന്‍ഡുകളും പുതിയ ഉല്‍പ്പന്നങ്ങള്‍, നൂതനാശയങ്ങള്‍ എന്നിവ അവതരിപ്പിക്കും.









