മനാമ: ബഹ്റൈന്‍ പ്രതിഭ സംഘടിപ്പിച്ച ‘വൈബ്സ് ഓഫ് ബഹ്റൈന്‍’ സംഗീത നിശ ജനപങ്കാളിത്തം കൊണ്ടും പരിപാടിയുടെ മികവ് കൊണ്ടും ശ്രദ്ധേയമായി. വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യന്‍ ക്ലബ് ഗ്രൗണ്ടില്‍ നടന്ന പരിപാടിക്ക് നിരവധി ആളുകള്‍ എത്തി.
കവിയും ഗാനരചയിതാവുമായ വയലാര്‍ അവാര്‍ഡ് ജേതാവ് പ്രഭാവര്‍മ്മ മുഖ്യാതിഥി ആയിരുന്നു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍വി ലിവിന്‍കുമാര്‍ സ്വാഗതം പറഞ്ഞ ഔദ്യോഗിക ചടങ്ങിന് ചെയര്‍മാന്‍ ബിനു മണ്ണില്‍ അധ്യക്ഷത വഹിച്ചു. പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ, ലോകകേരള സഭാംഗങ്ങളും പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളുമായ സിവി നാരായണന്‍, സുബൈര്‍ കണ്ണൂര്‍, പി ശ്രീജിത്ത്, വനിതവേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രതിഭ വൈസ് പ്രസിഡന്റ് നിഷ സതീഷ് നന്ദി പറഞ്ഞു.
ഗായകരായ രഞ്ജിനി ജോസും റഫീഖ് റഹ്‌മാനും സംഗീതജ്ഞരായ ഗൗതം, ലിബിന്‍ എന്നിവരും ചേര്‍ന്ന് നയിച്ച സംഗീത പരിപാടിയായിരുന്നു മുഖ്യ ആകര്‍ഷണം. നൃത്ത അധ്യാപിക വിദ്യാശ്രീ ചിട്ടപ്പെടുത്തി ബഹ്റൈന്‍ പ്രതിഭ പ്രവര്‍ത്തകര്‍ അരങ്ങിലെത്തിച്ച സംഗീത നൃത്തശില്‍പം ‘ഋതു’ കാണികളുടെ പ്രശംസ പിടിച്ചു പറ്റി. പ്രതിഭ സ്വരലയ ഗായകര്‍ അവതരിപ്പിച്ച സ്വാഗതഗാനവും കുട്ടികള്‍ അവതരിപ്പിച്ച അറബിക് ഡാന്‍സും പരിപാടിയുടെ മാറ്റുകൂട്ടി.
ബഹ്റൈനില്‍ നിരവധി പരിപാടികള്‍ ഒരേ സമയം നടന്നിട്ടും വൈബ്സ് ഓഫ് ബഹ്റൈനില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ക്ലബ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയ മുഴുവന്‍ കലാസ്‌നേഹികള്‍ക്കും കുടുബാംഗങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു.









