മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്ത് വടക്കന്‍ ഗവര്‍ണറേറ്റ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ആശയവിനിമയവും ദേശീയ പങ്കാളിത്തവും വര്‍ദ്ധിപ്പിക്കുന്നതിലാണ് ഈ വര്‍ഷത്തെ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വടക്കന്‍ ഗവര്‍ണര്‍ ഹസ്സന്‍ അബ്ദുല്ല അല്‍ മദനി പറഞ്ഞു.
ബഹ്റൈന്‍ രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങളുടെയും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സിംഹാസനാരോഹണ വാര്‍ഷികത്തിന്റെയും, അതോടൊപ്പം രാജ്യത്തിനും അതിന്റെ നേതൃത്വത്തിനും അഭിമാനം പകരുന്ന ദേശീയ പരിപാടികളുടെയും ഭാഗമാണിത്.
ഡിസംബര്‍ 12 ന് അല്‍ ജസ്രയിലെ പരമ്പരാഗത അര്‍ദ പ്രകടനം, ഡിസംബര്‍ 17 ന് ബുദൈയയിലെ അര്‍ദ പ്രകടനം, ഡിസംബര്‍ 20 ന് അബു സുബ്ഹ് ഷോറില്‍ ബഹ്റൈന്‍ പോലീസ് പരേഡ് എന്നിവ പരിപാടികളില്‍ ഉള്‍പ്പെടുന്നു. ഡിസ്ട്രിക്റ്റ് 1 മാളില്‍ പോലീസ് മ്യൂസിക് ബാന്‍ഡ് പ്രകടനവും അല്‍ ഇത്തിഫാഖ് ക്ലബ്ബില്‍ സ്പോര്‍ട്സ് ടൂര്‍ണമെന്റും നടക്കും.
ആഭ്യന്തര മന്ത്രാലയത്തിലെ ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടറേറ്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നേഷന്‍ ചില്‍ഡ്രന്‍ 3 ഇവന്റോടെ ഗവര്‍ണറേറ്റിന്റെ ആഘോഷങ്ങള്‍ സമാപിക്കും. ഡിസംബര്‍ 25 മുതല്‍ 27 വരെ അല്‍ ലിവാന്‍ മാളിലാണ് ഇവന്റ് നടക്കുക.









